കോട്ടയം : കെവിൻ വധക്കേസിൽ പ്രോസിക്യൂഷൻ വാദം കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ പൂർത്തിയായി. പ്രതികളെ നേരിട്ട് ചോദ്യം ചെയ്യുന്നതിനായി 29 ന് കേസ് കോടതി വീണ്ടും പരിഗണിക്കും. ഇതിന് ശേഷം പ്രതിഭാഗത്തിന് തെളിവുകൾ സമർപ്പിക്കാനും അവസരമുണ്ട്. തുടർന്ന് ഇരുകൂട്ടരുടെയും വാദങ്ങൾ അവതരിപ്പിക്കും. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു അടക്കം 113 സാക്ഷികളെയാണ് വിചാരണയുടെ ഭാഗമായി ഇതുവരെ വിസ്‌തരിച്ചത്. 238 പ്രമാണങ്ങളും, തെളിവുകൾ സാധൂകരിക്കുന്ന 56 വസ്‌തുക്കളും ഹാജരാക്കി. സർവീസിൽ നിന്ന് പിരിച്ചുവിടപ്പെട്ട എ.എസ്.ഐ ടി.എം ബിജുവിനെ ഇന്നലെ വീണ്ടും വിസ്‌തരിച്ചു. പ്രതികളുമായി സംസാരിക്കുന്നതിന്റെ യഥാർത്ഥ കാൾ വിശദാംശങ്ങൾ തന്റെ ഫോണിലുണ്ടെന്ന് ബിജു അവകാശപ്പെട്ടിരുന്നു. ഇത് കേൾക്കുന്നതിനായാണ് വിളിച്ചു വരുത്തിയത്.