തൊടുപുഴ: കുമാരമംഗലത്ത് അമ്മയുടെ കാമുകന്റെ പീഡനത്തിൽ ഏഴു വയസുകാരൻ കൊല്ലപ്പെട്ട കേസിൽ തൊടുപുഴ പൊലീസ് മുട്ടം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപിച്ചു. കുറ്റപത്രത്തിൽ അരുൺ ആനന്ദ് ഒന്നാം പ്രതിയും കുട്ടിയുടെ അമ്മ രണ്ടാം പ്രതിയുമാണ്. കൊലപാതകത്തിനും കുട്ടിയെ മാരകമായി ആക്രമിച്ച് പരിക്കേൽപിച്ചതിനും പുറമെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കുട്ടിയ്‌ക്കെതിരായ അതിക്രമത്തിനുമാണ് അരുണിനെതിരെ കുറ്റം ചുമത്തിയത്. തെളിവ് നശിപ്പിച്ചതിനും അരുൺ ആനന്ദിനെ സഹായിക്കാൻ ശ്രമിച്ചതിനാണ് അമ്മയ്‌ക്കെതിരായ കുറ്റം. അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി 90 ദിവസം തികയും മുമ്പ് കുറ്റപത്രം സമർപിച്ചത്. ഏഴുവയസുകാരന്റെ അനുജനെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അരുൺ ആനന്ദിനെതിരെ കഴിഞ്ഞയാഴ്ചയാണ് തൊടുപുഴ പോക്‌സോ കോടതിയിൽ കുറ്റപത്രം സമർപിച്ചത്. മാർച്ച് 28നായിരുന്നു കുമാരമംഗലത്ത് വാടകവീട്ടിൽ ഉറക്കത്തിനിടെ മൂത്രമൊഴിച്ചതിന് ഏഴുവയസുകാരനെ അമ്മയുടെ കാമുകനായ അരുൺ ആനന്ദ് ക്രൂരമായി മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റെന്നാണ് പ്രതികൾ തൊടുപുഴയിലെ ആശുപത്രിയിൽ പറഞ്ഞത്. പിന്നീട് പൊലീസിന്റെ ചോദ്യം ചെയ്യലിലാണ് സത്യം പുറത്തായത്. തുടർന്ന് അരുൺ ആനന്ദിനെ അറസ്റ്റ് ചെയ്തു. എപ്രിൽ ആറിന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കുട്ടി മരിച്ചു. ഇതിന് ശേഷം അമ്മയെയും അറസ്റ്റ് ചെയ്തിരുന്നെങ്കിലും കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു.