മണിമല: മണിമലയാറ്റിലെ ആശ്രമം കടവിലെ തൂക്കുപാലം കാണാനെത്തിയ കുടുംബത്തിലെ ഗ്രഹനാഥനെ ഒഴുക്കിൽ പെട്ടു കാണാതായി.മണിമല കരിമ്പനക്കുളം എറത്തേടത്ത് മനോജിനെയാണ് ( 41 ) കാണാതായത്. വെള്ളാവൂർ കോട്ടാങ്ങൽ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആശ്രമം കടവിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
പാലം കാണാൻ മനോജിന്റെ വിദേശത്ത് ജോലി ചെയ്യുന്ന സഹോദരിയും കുട്ടിയും, മനോജിന്റെ ഭാര്യ നൈസ് ,മക്കളായ സാൽവിൽ (9) ,സിയായ (5) എന്നിവർ ആശ്രമം കട വിലെ തൂക്കുപാലത്തിൽ നിന്നിറങ്ങി മണൽപ്പരപ്പുള്ള ഭാഗത്ത് ഇരിക്കുകയായിരുന്നു. ഈ സമയം മനോജിന്റെ മക്കൾ ഇരുവരും മണൽതിട്ടയിൽ നിന്നും ആറ്റിലേക്ക് പതിച്ചു.ഇതു കണ്ട മനോജ് ആറ്റിലേക്ക് എടുത്തു ചാടി കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ ഒഴുക്കിൽപ്പെടുകയായിരുന്നു. മനോജിന്റെ ഭാര്യയുടെയും സഹോദരിയുടെയും നിലവിളി കേട്ട കോട്ടാങ്ങൽ കളയാംകുഴിയിൽ വിജയന്റെ മകൻ വിഷ്ണു, വെള്ളാവൂര അഴകത്ത് ശശിധരൻ നായർ എന്നിവർ ആറ്റിൽ ചാടി കുട്ടികളെ രക്ഷപെടുത്തി. മണിമല പൊലീസും കാഞ്ഞിരപ്പള്ളി അഗ്‌നിശമന സേനാവിഭാഗവും രാത്രി ഒൻപതു മണി വരെ തെരച്ചിൽ നടത്തി.