 സന്യാസി മുങ്ങി, പണവും മൊബൈലും അപ്രത്യക്ഷമായി

കോട്ടയം: സന്യാസിക്കൊപ്പം വെച്ചൂർ പശുവുമായി മഥുരയിലെ ആശ്രമത്തിലേയ്ക്ക് പോയ ക്ഷീരകർഷകൻ വിക്രമന്റെ മരണത്തിൽ ദുരൂഹതയേറുന്നു. മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതായി മരണത്തിന് തൊട്ടുമുമ്പ് വിക്രമൻ വീട്ടുകാരെ ഫോൺ വിളിച്ച് അറിയിച്ചിരുന്നു. ഇതേതുടർന്ന് മകൻ മഥുരയിലെത്തിയെങ്കിലും കാണാൻ കഴിഞ്ഞത് പിതാവിന്റെ തണുത്തുറഞ്ഞ ശരീരം മാത്രം. തുണിയിൽപൊതിഞ്ഞ ശരീരം പോലും അധികനേരം കാണാൻ അനുവദിച്ചില്ല. എന്തിനാണ് വിക്രമനെ കൊന്നത്, ആർക്കുവേണ്ടി, ഒപ്പം ഉണ്ടായിരുന്ന സന്യാസി എവിടെ?... വീട്ടുകാരുടെയും ബന്ധുക്കളുടെയും സംശയം വർദ്ധിക്കുകയാണ്.

വെച്ചൂർ പശുവിനെ ആവശ്യമുണ്ടെന്ന് പറഞ്ഞാണ് ചെങ്ങന്നൂർ പാണ്ഡവൻപാറ അ‌ർച്ചന ഭവനിൽ വിക്രമനെ (55) തേടി ഡൽഹിക്ക് സമീപം മഥുരയിലെ വൃന്ദാവൻ ആശ്രമത്തിലെ സന്യാസി എത്തിയത്. കട്ടപ്പനയിൽ ഒരു കൂട്ടുകാരന് വെച്ചൂർ പശുക്കൾ ഉണ്ടെന്നും അവിടെനിന്ന് വാങ്ങാമെന്നും പറഞ്ഞ് കഴിഞ്ഞ 16നാണ് സന്യാസിക്കൊപ്പം വിക്രമൻ വീട്ടിൽ നിന്ന് തിരിച്ചത്. കട്ടപ്പനയിൽ എത്തിയ ഇവർ ഒരു പശുവിനെ വാങ്ങി കണ്ടെയ്നറിൽ മഥുരയിലേക്ക് കയറ്റിയയ്ക്കുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞ് വ്യാഴാഴ്ച ഉച്ചയോടെ വിക്രമൻ വീട്ടിലേക്ക് വിളിച്ചിരുന്നു. തങ്ങൾ മഥുരയിലെത്താറായെന്നും അവിടെ ചെന്നിട്ട് വിളിക്കാമെന്നും മകൾ വിദ്യയോട് പറഞ്ഞിരുന്നു.

അടുത്ത ദിവസം വിക്രമൻ മകളെ വിളിച്ചിരുന്നു. തന്നെ ഒരു മുറിക്കകത്ത് പൂട്ടിയിട്ടിരിക്കുകയാണെന്നും ആഹാരമോ വെള്ളമോ തരുന്നില്ലെന്നും ബാത്ത്റൂമിൽ പോകാൻ പോലും അനുവദിക്കുന്നില്ലെന്നും രക്തം ഛർദ്ദിച്ചുവെന്നും പറഞ്ഞു. ഇതോടെ വീട്ടുകാർക്ക് ആകെ ആധിയായി. രണ്ടുമണിക്കൂർ കഴിഞ്ഞ് വിക്രമൻ വീണ്ടും വിളിച്ച് കൂടുതൽ പീഡനവിവരങ്ങൾ പറഞ്ഞു. ഇതോടെ വീട്ടുകാർക്ക് സംശയമായി. 22ന് രാത്രി 9.45വരെ ഫോണിൽ വീട്ടുകാരുമായി വിക്രമൻ സംസാരിച്ചിരുന്നു. ഇതിനുശേഷം വിക്രമനെ ഫോണിൽ കിട്ടാതായി. തുടർന്ന് 23ന് രാവിലെതന്നെ മകൻ അരുൺ ഡൽഹിയിലേക്ക് വിമാനം കയറി.

അവിടെയെത്തിയ ഉടൻ മഥുരയിലെ സന്യാസിയുടെ ആശ്രമത്തിലേക്ക് അരുൺ ഫോൺ ചെയ്തു. അവർ വിമാനത്താവളത്തിലെത്തി അരുണിനെ ആശ്രമത്തിലെത്തിക്കാതെ വിമാനത്താവളത്തിനു സമീപം ഒരു ലോഡ്ജിൽ താമസിപ്പിച്ചു. അന്നേദിവസം വൈകുന്നേരം അഞ്ചു മണിയോടെ അച്ഛൻ മരിച്ചുവെന്ന വാർത്തയാണ് ആശ്രമ അധികൃതർ അരുണിനെ അറിയിച്ചത്. 22ന് രാത്രിതന്നെ വിക്രമൻ മരിച്ചതായാണ് കൂടെ ഉണ്ടായിരുന്നവർ പിന്നീട് പറഞ്ഞതെന്ന് അരുൺ പറയുന്നു.

മൃതദേഹം നാട്ടിൽ എത്തിക്കാൻ നടപടി എടുത്തിട്ടുണ്ടെന്നും ഉടൻതന്നെ മൃതദേഹം വിമാനത്താവളത്തിലേക്ക് കൊണ്ടുവരുമെന്നും പറഞ്ഞു. ഇതേതുടർന്ന് രണ്ടു പേർ എത്തി വിജനമായ സ്ഥലത്തേക്ക് അരുണിനെ കൂട്ടിക്കൊണ്ടുപോയി. ട്രക്കിൽ കൊണ്ടുവന്ന മൃതദേഹം കാണാൻ ആദ്യം അനുവദിച്ചില്ല. അരുൺ ബഹളം വച്ചതിനെ തുടർന്ന് തുണികൊണ്ട് പൊതിഞ്ഞ മൃതദേഹത്തിന്റെ മുഖം മാത്രം ഒരു നിമിഷം കാണിച്ചശേഷം ട്രക്ക് വിട്ടുപോയി. പിന്നീട് മൃതദേഹം ആംബുലൻസിലേക്ക് മാറ്റിയാണ് വിമാനത്താവളത്തിലെത്തിച്ചത്. തിങ്കളാഴ്ച പുലർച്ചെ വിക്രമന്റെ മൃതദേഹം നാട്ടിലെത്തിച്ചു.

വിക്രമന്റെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും ഒപ്പം ഉണ്ടായിരുന്നവർ അപഹരിച്ചതായും വീട്ടുകാർ പറയുന്നു. ദുരൂഹ സാഹചര്യത്തിൽ മരിച്ചിട്ടും മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുകയോ പൊലീസ് നടപടി സ്വീകരിക്കുകയോ ചെയ്തില്ലെന്ന് അരുൺ പറഞ്ഞു. ഡൽഹി യാത്രയിൽ വിക്രമനൊപ്പമുണ്ടായിരുന്ന പെരിങ്ങാലയിൽ താമസമാക്കിയ സന്യാസി സംഭവത്തിനു ശേഷം അപ്രത്യക്ഷനായി. വിക്രമന്റെ ദുരൂഹ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സജി ചെറിയാൻ എം.എൽ.എയും എസ്.എൻ.ഡി.പി യോഗം 97ാം നമ്പർ ചെങ്ങന്നൂർ ടൗൺ ശാഖായോഗം മാനേജിംഗ് കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

.