ചങ്ങനാശേരി: മഴ പെയ്യുമ്പോൾ ആശങ്കയാണ്. മാടപ്പള്ളി പഞ്ചായത്തിലെ മാമ്മൂട് ചേന്നമറ്റം തോടരികിൽ താമസിക്കുന്നവർ പറയും ദുരിതങ്ങളുടെ കഥ. ചേന്നമറ്റം തോടിന് സംരക്ഷണഭിത്തി നിർമ്മിക്കാത്തതാണ് ഇവരെ ദുരിതങ്ങളിലേക്ക് തള്ലിവിടുന്നത്. തോടരികിലൂടെയാണ് ഈ കുടുംബങ്ങൾ വീടുകളിലേക്ക് എത്തുന്നത്. മഴക്കാലമായാൽ മൺതിട്ടയിടിഞ്ഞ് കാൽനടയാത്രപോലും ദുഷ്‌ക്കരമാകും. ഒപ്പം അനധികൃത കൈയേറ്റങ്ങളും യാത്രാ തടസം സൃഷ്ടിക്കും. പ്രളയത്തിൽ പല സ്ഥലങ്ങളിലായ് തോടിന്റെ മൺതിട്ട ഇടിഞ്ഞിരുന്നു. യാത്ര ദുർഘടമായതിനെ തുടർന്ന് കുടുംബങ്ങൾ ചേർന്ന് പഞ്ചായത്തിലും എം.എൽ.എ അടക്കമുള്ള അധികൃതർക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വീടുകളിലേക്കുള്ള നടപ്പാലവും ദുർബലമാണ്. പ്രദേശത്തേയ്ക്കുളള ഏക യാത്രാമാർഗമാണിത്. രാത്രിയും പകലും ഇതുവഴി രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും സാധിക്കുകയില്ല. തോടിനോടു ചേർന്നു പഞ്ചായത്തു ഭൂമിയുള്ളതായി നാട്ടുകാർ പറയുന്നു.ഈ ഭൂമി ഉപയോഗപ്പെടുത്തി നടപ്പാതയ്ക്ക് വീതി കൂട്ടണമെന്നും നാട്ടുകാർ പറയുന്നു. ഒപ്പം തോടിനു സംരക്ഷണ ഭിത്തി കൂടി കെട്ടിനൽകിയാൽ പ്രശ്‌നത്തിനു പരിഹാരമാകും. സ്ഥലവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് അധികൃതർ പ്രദേശത്തെത്തി മുമ്പ് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇറിഗേഷൻ വകുപ്പ് സംരക്ഷണ ഭിത്തി നിർമ്മിയ്ക്കുന്നതിനുള്ള അളവും തിട്ടപ്പെടുത്തിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും നടപടി വൈകുകയാണ്. കഴിഞ്ഞ ദിവസത്തെ മഴയിലും തോടിന്റെ തിട്ട ഇടിഞ്ഞു വീണിരുന്നു. കനത്ത മഴയിൽ തോട്ടിൽ നിന്നും വെള്ളം കുത്തിയൊഴുകി സമീപത്തെ കൃഷിയിടങ്ങളിലേയ്ക്കു കയറുന്നത് കർഷകരെയും വലയ്ക്കുന്നുണ്ട്. പലരും തോടിന്റെ ബണ്ട് കൈയേറി മതിൽ നിർമ്മിച്ചതിനാൽ ഒരു വശം മാത്രമേ നടപ്പാതയായി ഉപയോഗിക്കാൻ കഴിയൂ. അതേസമയം ടെൻഡർ വിളിച്ചിട്ടും പണി ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തതാണ് സംരക്ഷണഭിത്തി നിർമ്മാണം വൈകുന്നതെന്നാണ് അധികൃതരുടെ വാദം.
ചിത്രം
സംരക്ഷണ ഭിത്തിയില്ലാതെ മാമ്മൂട് ചേന്നമറ്റം തോട്