കോട്ടയം: കേരള കോൺഗ്രസ് ചെയർമാൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജേക്കബ് ഗ്രൂപ്പ് ചെയർമാൻ ജോണി നെല്ലൂർ നടത്തിയ പക്ഷംപിടിച്ചുള്ള അഭിപ്രായപ്രകടനം കേരള കോൺഗ്രസിന്റെ ആഭ്യന്തരകാര്യത്തിലുള്ള കൈകടത്തലായേ കാണാൻ കഴിയൂവെന്ന് യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക പറഞ്ഞു. യു.ഡി.എഫ് സെക്രട്ടറി എന്ന നിലയ്ക്ക് ജോണി നെല്ലൂർ നടത്തിയ പ്രസ്താവന അപക്വവും പക്ഷപാതപരവുമാണ്. വീട്ടുകാര്യങ്ങളിൽ തോട്ടക്കാരൻ അഭിപ്രായം പറയുന്നത് പോലെയാണിത്. കേരള കോൺഗ്രസ് നേതൃത്വവുമായി ചർച്ച നടത്തുന്നതിന് യു.ഡി.എഫ് നേതൃത്വം ജോണി നെല്ലൂരിനെ ഒഴിവാക്കിയതിലുള്ള അസഹിഷ്ണുതയാണ് പ്രസ്താവനയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.