ചങ്ങനാശേരി :ഭാര്യയോട് പിണങ്ങി ആത്മഹത്യ ചെയ്യാൻ ഇറങ്ങിയ യുവാവിനെ സുഹൃത്തുക്കൾ രക്ഷപ്പെടുത്തി. ചങ്ങനാശേരിക്ക് സമീപം റെയിൽവേ ട്രാക്കിൽ ആത്മഹത്യ ചെയ്യാനെത്തിയ യുവാവിനെയാണ് സുഹൃത്തുക്കളും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ചേർന്ന് രക്ഷപ്പെടുത്തിയത്. ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് സുഹൃത്തുക്കൾക്ക് യുവാവ് അയച്ച സെൽഫി ആണ് ജീവൻ രക്ഷിക്കാൻ കാരണമായത്.
സെൽഫിയിൽ കണ്ട റെയിൽവേ മൈൽ കുറ്റി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ കേരള എക്‌സ്പ്രസ് കടന്നുപോകുന്നതിന് മിനിട്ടുകൾക്ക് മുമ്പ് സുഹൃത്തുക്കൾ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. സ്ഥലത്തെത്തിയ സുഹൃത്തുക്കൾ ബലപ്രയോഗത്തിലൂടെ സമീപത്തെ പാടശേഖരത്തിലേക്ക് യുവാവിനെ തള്ളിയിട്ടാണ് രക്ഷപ്പെടുത്തിയത്.