തർക്കമുണ്ടാകില്ലെന്ന് ജോസ് വിഭാഗം
എതിർപ്പുമായി സഖറിയാസ് കുതിരവേലി
കോട്ടയം : മുൻധാരണപ്രകാരം ജില്ലാ പഞ്ചായത്ത് അദ്ധ്യക്ഷ പദമൊഴിയാൻ സണ്ണി പാമ്പാടിയോട് കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം ആവശ്യപ്പെട്ടതോടെ കേരള കോൺഗ്രസ് എമ്മിലെ സെബാസ്റ്റ്യൻ കുളത്തുങ്കലിന് സാദ്ധ്യത. അവസാന ഒരു വർഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി കേരള കോൺഗ്രസിനാണ്.
22 അംഗ ജില്ലാ പഞ്ചായത്തിൽ യു.ഡി.എഫിന് 14 അംഗങ്ങളുണ്ട്. കോൺഗ്രസിന് എട്ടും, കേരള കോൺഗ്രസിന് ആറും. സെബാസ്റ്റ്യൻ കുളത്തുങ്കൽ ജോസഫ് വിഭാഗം വിട്ടതിനാൽ ആറുപേരും ജോസ് പക്ഷക്കാരാണ്. കാലാവധി പൂർത്തിയാകുന്ന ജൂലായ് 1 ന് സണ്ണി പാമ്പാടി രാജിവയ്ക്കുന്നതോടെ സെബാസ്റ്റ്യൻ പ്രസിഡന്റാകുമെന്ന് ജോസ് വിഭാഗം മീഡിയ കോ-ഓർഡിനേറ്റർ വിജി.എം.തോമസ് അറിയിച്ചു.
കേരള കോൺഗ്രസ് (എം) യു.ഡി.എഫിന് പിന്തുണ പിൻവലിച്ച വേളയിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ സഖറിയാസ് കുതിരവേലി പ്രസിഡന്റായിരുന്നു. തിരിച്ച് യു.ഡി.എഫിലേക്ക് വന്നപ്പോൾ സഖറിയാസ് കാലാവധി പൂർത്തിയാക്കാതെ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞാണ് സണ്ണി പാമ്പാടി പ്രസിഡന്റായത്. ധാരണ പ്രകാരം ഒന്നരവർഷ കാലാവധി ലഭിക്കാതിരുന്നത് സഖറിയാസ് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് സെബാസ്റ്റ്യന്റെ പേര് പ്രഖ്യാപിക്കാനാണ് ജോസ് വിഭാഗത്തിന്റെ നീക്കം. സഖറിയാസ് ഇടഞ്ഞ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചാൽ ഇടതുപിന്തുണയോടെ മാത്രം ജയിക്കാനാകില്ല. വിപ്പ് ലംഘിച്ച് മത്സരിച്ചാൽ കൂറുമാറ്റ നിരോധനവുമാകും.
സണ്ണി പാമ്പാടി രാജിവയ്ക്കും : ജോഷി ഫിലിപ്പ്
യു.ഡി.എഫ് ധാരണ പ്രകാരം കോൺഗ്രസ് പ്രതിനിധി സണ്ണി പാമ്പാടിയോട് കാലാവധി തീരുന്ന ജൂലായ് 1 ന് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാളത്തെ യു.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് വിട്ടുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. സെബാസ്റ്റ്യൻ കുളത്തുങ്കലിനാണ് അടുത്ത അവസരം.
5 മാസം കാലാവധിയുണ്ട്
ഒന്നര വർഷം കാലാവധിയാണ് അനുവദിച്ചത്. യു.ഡി.എഫ് ധാരണ പ്രകാരം 13 മാസം കഴിഞ്ഞപ്പോൾ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു. അഞ്ചു മാസ കാലാവധി ഇനിയുമുണ്ടെന്ന് സഖറിയാസ് കുതിരവേലി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാനാകില്ല
ഓരോ പ്രസിഡന്റ് മാറുമ്പോഴും കുറേക്കാലം നഷ്ടപ്പെടും. 2020 ജൂലായിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുമെന്നതിനാൽ ഇനിയുള്ള ഒരുവർഷം പ്രസിഡന്റ് സ്ഥാനം പങ്കുവയ്ക്കാൻ കഴിയില്ലെന്ന് സെബാസ്റ്റയൻ കുളത്തുങ്കൽ പറഞ്ഞു.