കോട്ടയം : കല്ലട ബസിൽ യാത്രക്കാരെ മർദ്ദിച്ചതിന് പിന്നാലെ ജില്ലയിലെ അന്തർസംസ്ഥാന ബസുകളുടെ ഓഫീസിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധന പ്രഹസനമായെന്ന് ആക്ഷേപം. മതിയായ ലൈസൻസില്ലാതെ പ്രവർത്തിച്ച ജില്ലയിലെ പതിനഞ്ചോളം ബുക്കിംഗ് ഓഫീസുകൾക്കാണ് രണ്ടു ദിവസത്തിനകം അടച്ചുപൂട്ടണമെന്ന് കാട്ടി എൻഫോഴ്‌സ്‌മെന്റ് വിഭാഗം നോട്ടീസ് നൽകിയത്. എന്നാൽ സർക്കാർ ഇടപെടലിനെ തുടർന്ന് നടപടികൾ വൈകുകയാണ്. ഇതിനിടെ ലൈസൻസ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ആർ.ടി ഓഫീസിൽ ലഭിച്ചത് 10 അപേക്ഷകളാണ്. ഇത് ജില്ലാ കളക്ടർ അദ്ധ്യക്ഷനായ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ അംഗീകാരത്തിനായി നൽകി. നാളെ ചേരുന്ന അതോറിറ്റി യോഗം അപേക്ഷകൾ പരിഗണിക്കും. അപേക്ഷകൾ സ്വീകരിച്ചു അന്തർസംസ്ഥാന ബസുകളുടെ ബുക്കിംഗ് ഓഫീസുകൾ ലൈസൻസിന് അപേക്ഷ നൽകിയിട്ടുണ്ട്. ഇത് പരിഗണിക്കാനാണ് സർക്കാർ നിർദ്ദേശം. ഉചിതമായ നടപടികൾ സ്വീകരിക്കും. ബാബു ജോൺ,ആർ.ടി.ഒ കോട്ടയം പിഴയായി കിട്ടിയത് 9.57 ലക്ഷം മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന സർവീസ് നടത്തുന്ന 211 ബസുകൾക്ക് നോട്ടീസ് നൽകി. 9.75 ലക്ഷം രൂപയാണ് പിഴയായി രണ്ടുമാസത്തിനിടെ ഈടാക്കിയത്. എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ വി.എം ചാക്കോയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.