കോട്ടയം : എം.ജി.സർവകലാശാലയ്ക്ക് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്) കേന്ദ്രത്തിലേയ്ക്ക് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുമെന്ന് വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് പറഞ്ഞു. ഐ.ഐ.ആർ.ബി.എസിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റും. വിദേശത്ത് നിന്നടക്കം മികച്ച അദ്ധ്യാപകരെ എത്തിക്കും. സ്ഥിരം അദ്ധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഫണ്ട് വെട്ടിക്കുറച്ചെന്ന വിദ്യാർത്ഥികളുടെ ആരോപണം ശരിയല്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അനുമതിയില്ലാതെ ചെലവഴിക്കാവുന്ന തുകയുടെ പരിധി 25,000 രൂപയായി നിശ്ചയിച്ചതാണ്. എല്ലാ വകുപ്പുകൾക്കും ഇത് ബാധകമാണ്. ബഡ്ജറ്റ് തുകയിൽ കുറവ് വരുത്തിയിട്ടില്ല. വിദേശ അദ്ധ്യാപകർക്ക് ഒരിനത്തിലും കുടിശികയില്ല. നിലവിലെ സാഹചര്യങ്ങൾ വിദ്യാർത്ഥികളെ ബോദ്ധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.