പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് സൊസൈറ്റിയിൽ നടന്ന കോടികളുടെ ക്രമക്കേടുകളിൽ നേരിട്ട് പങ്കാളികളെന്ന് സഹകരണവകുപ്പ് കണ്ടെത്തിയ മുൻ ഭരണസമിതി പ്രസിഡന്റ് കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ജോയി എബ്രഹാമിനും മറ്റ് ഭരണസമിതി അംഗങ്ങൾക്കും എതിരെ സംസ്ഥാന സഹകരണവകുപ്പ് 5.82 കോടി രൂപാ സർച്ചാർജ് ചുമത്തി. 16 പേരാണ് പിഴയായി ആറ് കോടിയോളം രൂപ സഹകരണ വകുപ്പിൽ ഉടൻ അടക്കേണ്ടത്. കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ അന്വേഷണം നടത്തിയാണ് കോടികളുടെ നഷ്ടം ചിട്ടപ്പെടുത്തിയത്. 16 പേരുടെയും അടക്കേണ്ട തുക പ്രത്യേകം തിട്ടപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 16നാണ് പ്രസിഡന്റ് ജോയി എബ്രഹാമിനും കൂട്ടർക്കുമെതിരെ സർച്ചാർജ് ചുമത്തി ഉത്തരവായത് . 5,82,06,880 രൂപയാണ് 16 പേരും കൂടി അയക്കേണ്ടത്. കഴിഞ്ഞ മെയ് 16ന് മുൻപായി തുക അടക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഒരാളും പിഴത്തുക ഇതുവരെ അടച്ചിട്ടില്ല. മീനച്ചിൽ റബർ മാർക്കറ്റിംഗ് ആൻഡ് പ്രോസസിംഗ് സഹകരണ സംഘം അംഗങ്ങൾക്കും നിക്ഷേപകർക്കും, കർഷകർക്കുമായി 60 കോടിയിൽപരം രൂപയാണ് നൽകാനുള്ളത്. ജീവനക്കാർക്ക് അഞ്ച് വർഷത്തോളമായി ശമ്പളാനുകൂല്യങ്ങളും നൽകുന്നില്ല. പി എഫ്, ഇ എസ് ഐ, ഇൻഷുറൻസ്, ക്ഷേമനിധി, ബെനിഫിറ്റ് ഫണ്ട് എന്നിവയും വർഷങ്ങളായി മുടങ്ങിയിരിക്കുകയാണ്. വൻലാഭത്തിൽ പ്രവർത്തിച്ചിരുന്ന ഈ സൊസൈറ്റിയുടെ ഉടമസ്ഥതയിലുള്ള രണ്ട് വൻകിട ഫാക്ടറികൾ, കരൂരിലെ മീനച്ചിൽ ലാറ്റക്‌സും കൂടല്ലൂർ ക്രംപ് ഫാക്ടറിയും കഴിഞ്ഞ അഞ്ച് വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിയതോടെ ഒട്ടേറെ പേർക്ക് തൊഴിലും നഷ്ടപ്പെട്ടിരുന്നു. സംഘാംഗങ്ങളും കർഷകരും നിക്ഷേപകരും ജീവനക്കാരും ഭരണസമിതി അംഗങ്ങളിൽ നിന്നും സർച്ചാർജ് ഈടാക്കി തങ്ങളുടെ നിക്ഷേപം എത്രയുംവേഗം മടക്കി ലഭിക്കുന്നതിനായി റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കാൻ അധികൃതരെ സമീപിച്ചിരിക്കുകയാണ് .