വണ്ടിപ്പെരിയാർ: വ്യാജ ഇറീഡിയം നൽകി അഭിഭാഷകന്റെ പക്കൽ നിന്നും 24 ലക്ഷം തട്ടിയെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.വണ്ടിപ്പെരിയാർ സത്രം പുതുവേലിൽ സുശീലൻ(55), ചോറ്റുപാറ സ്വദേശി സന്തോഷ്(31) എന്നിവരെയാണ് വണ്ടിപ്പെരിയാർ എസ്.എ ബിജുവും സംഘവും പിടികൂടിയത്. മുഖ്യപ്രതി തമിഴ്‌നാട് കമ്പം സ്വദേശി ഒളിവിൽ പോയി.. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: സ്ഥലം വാങ്ങുന്നതിനായി ബന്ധപ്പെട്ട തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകന് കേരളത്തിലും തമിഴ്നാട്ടിലുമായി ഭൂമി വാങ്ങി തരാമെന്ന പേരിൽ പ്രതികൾ പലതവണകളായി 24 35,000 രൂപ കൈപ്പറ്റി . എന്നാൽ കച്ചവടം നടക്കുന്നതിൽ കാലതാമസം ഉണ്ടായതോടെ അഭിഭാഷകൻ പണം തിരികെ ആവശ്യപ്പെട്ടു. ഇടപാടുകൾ നടക്കുകയാണെന്നും ഗ്യാരനരറിയായി ഇറീഡിയം ലോഹം നൽകാമെന്നു വാഗ്ദാനം ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച്ച അഭിഭാഷകനും സുഹൃത്തും വണ്ടിപ്പെരിയാറ്റിൽ എത്തി ഇടപാടുകൾ നടത്തിയ ശേഷം പ്രതികൾ നൽകിയ ഇറിഡിയം സൂക്ഷിച്ചിട്ടുള്ള ബാഗ് വാങ്ങി. ഇരുവരും സ്വദേശത്തേക്ക് മടങ്ങുന്നതിനിടയിൽ സംശയം തോന്നിയ ഇവർ യാത്രാമദ്ധ്യെ ബാഗ് തുറന്നു നോക്കിയപ്പോഴാണ് പ്രത്യേകം പൊതിഞ്ഞ പെട്ടിക്കുള്ളിൽ അറക്കപ്പൊടി നിറച്ചു ഇതിനുള്ളിൽ ചെമ്പു പോലുള്ള ലോഹം പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. കബളിപ്പിക്കപ്പെട്ടതായി മനസിലായതിനെ തുടർന്നു വണ്ടിപ്പെരിയാർ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാത്രിയിൽ പ്രതികളെ പിടികൂടുകയായിരുന്നു. മുഖ്യപ്രതിക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.