കോട്ടയം : എം.ജി സർവകലാശാലയിലെ രജിസ്ട്രാർ, പരീക്ഷ കൺട്രോളർ, ഫിനാൻസ് ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് വിജ്ഞാപനമായി. സംസ്ഥാന - കേന്ദ്ര സർക്കാർ സർവീസിലുള്ള യോഗ്യരായവരിൽ നിന്ന് ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത്. ചുമതലയേൽക്കുന്ന ദിവസം മുതൽ 4 വർഷം വരെയോ 56 വയസ് തികയുന്നത് വരെയുമാണ് കാലാവധി. രജിസ്ട്രാർക്കും പരീക്ഷ കൺട്രോളർക്കും ഒന്നാം/രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം/തത്തുല്യം, സർവകലാശാലയിലോ കോളേജ് തലത്തിലോ പത്തു വർഷത്തെ അദ്ധ്യാപന പരിചയം, ഉത്തരവാദിത്തപ്പെട്ട പദവിയിൽ അഞ്ചുവർഷത്തെ ഭരണപരിചയം എന്നിവയാണ് യോഗ്യത. പ്രായം : 2019 ജനുവരി ഒന്നിന് 45 വയസിൽ കുറയാനോ 52 വയസിൽ കൂടാനോ പാടില്ല. ഫിനാൻസ് ഓഫീസർക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സിൽ അസോസിയേറ്റ് അംഗം, സി.എ അല്ലെങ്കിൽ തത്തുല്യം പാസായശേഷം അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രായം: 2019 ജനുവരി ഒന്നിന് 45 വയസിൽ കുറയാനോ 52 വയസിൽ കൂടാനോ പാടില്ല.

www.mgu.ac.in എന്ന വെബ്‌സൈറ്റിലൂടെ ജൂലായ് 3 മുതൽ ആഗസ്റ്റ് 2 ന് രാത്രി 11.59 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, യോഗ്യതാപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ എന്നിവയുടെ നാല് സെറ്റ് പകർപ്പുകൾ 'ഡെപ്യൂട്ടി രജിസ്ട്രാർ II (ഭരണവിഭാഗം), മഹാത്മാഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം 686560' എന്ന വിലാസത്തിൽ ആഗസ്റ്റ് 9 ന് മുൻപ് നൽകണം. സർവകലാശാലകൾ, സർക്കാർ/അഫിലിയേറ്റഡ് കോളേജുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ തൊഴിൽദാതാവിൽ നിന്ന് നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപേക്ഷയ്‌ക്കൊപ്പം നൽകണം.