കോട്ടയം: പൊതുജനങ്ങൾക്ക് കുടിവെള്ള കണക്ഷൻ നൽകുന്ന നടപടികൾ സുഗമമാക്കുന്നതിനായി കേരള വാട്ടർ അതോറിട്ടി നേരിട്ട് കുമരകം പഞ്ചായത്തിൽ ജൂലായ് 3ന് രാവിലെ 11 മുതൽ വൈകിട്ട് 3 വരെ വാട്ടർ കണക്ഷൻ മേള നടത്തും. കുമരകം പഞ്ചായത്തിൽ ഗാർഹിക-ഗാർഹികേതര കണക്ഷൻ ആവശ്യമുള്ളവർ സ്വന്തം അപേക്ഷയോടൊപ്പം ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് / ലോക്കൽ ബോഡി നൽകുന്ന റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് / വില്ലേജ് ഓഫീസർ നൽകുന്ന കൈവശാവകാശ സർട്ടിഫിക്കറ്റ് , ഇ.പി.ഐ.സി ആധാർ / എൻ.പി.ആർ / റേഷൻ കാർഡ് എന്നിവയിൽ ഏതെങ്കിലും ഒരെണ്ണത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും രേഖകളും ഹാജരാക്കണം.

രജിസ്റ്റർ ചെയ്യപ്പെടുന്ന അപേക്ഷകളുടെ ജലലഭ്യതയും സാങ്കേതികതയും പരിശോധിച്ച ശേഷം അർഹരായവർക്ക് കേരള വാട്ടർ അതോറിട്ടിയുടെ കണക്ഷനുവേണ്ടിയുള്ള അപേക്ഷ കണക്ഷൻ മേളയിൽ നൽകും. കണക്ഷൻ വാട്ടർ അതോറിറ്റി നേരിട്ട് നൽകണമെങ്കിൽ ഓരോ വ്യക്തിയുടേയും ഭവനത്തിലേക്ക് പൈപ്പ് കണക്ഷൻ ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് പ്രത്യേകം തയ്യാറാക്കി നൽകണം. പ്രസ്തുത തുക ഡിപ്പാർട്ട്മെന്റിൽ അടച്ച് വർക്ക് ടെൻഡർ ചെയ്ത് നൽകുന്ന മുറയ്ക്ക് കണക്ഷൻ ലഭ്യമാക്കുന്നതാണ്. വാട്ടർ അതോറിറ്റിയുടെ അംഗീകൃത ലൈസൻസ് പ്ലംബർ മുഖേനയും കണക്ഷൻ എടുക്കാം. നടപടിക്രമങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കും.