കോട്ടയം : പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന് ജില്ലയിൽ സംയുക്ത സ്‌ക്വാഡ് രൂപീകരിക്കും. ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, ശുചിത്വമിഷൻ, ഭക്ഷ്യസുരക്ഷാ വകുപ്പ്, കൃഷി വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ പ്രതിനിധികൾ അടങ്ങുന്നതാണ് സ്‌ക്വാഡ്. ജില്ലാ കളക്ടർ പി.കെ സുധീർ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഇന്റർസെക്ടറൽ കമ്മിറ്റി തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.
എല്ലാ തദ്ദേശസ്ഥാപനങ്ങളും ബോട്ടിൽ ബൂത്ത് സേവനം ഏർപ്പെടുത്തണമെന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്നതിന് ഹരിതകർമ്മസേനയെ പൂർണമായും പ്രയോജനപ്പെടുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു. ഇതരസംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ ക്യാമ്പുകൾ അടച്ചു പൂട്ടുന്നതിന് നടപടി സ്വീകരിക്കും. അംഗൻവാടികളിലെയും സ്‌കൂളുകളിലെയും ഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തും. പാചക തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് കർശനമാക്കും. രജിസ്‌ട്രേഷൻ ഇല്ലാത്തതും ഹെൽത്ത് കാർഡ് ഇല്ലാത്ത തൊഴിലാളികൾ ജോലി ചെയ്യുന്നതുമായ ഭക്ഷണശാലകൾ അടച്ചുപൂട്ടും. കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് ആരോഗ്യവകുപ്പ് സാമ്പിളുകൾ പരിശോധിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, ജില്ലാ സർവൈലൻസ് ഓഫീസർ ഡോ. കെ.ആർ രാജൻ എന്നിവർ സംസാരിച്ചു.