കടുത്തുരുത്തി: കേരള സാമൂഹിക സുരക്ഷാമിഷൻ നടപ്പിലാക്കുന്ന വയോമിത്രം പദ്ധതിക്ക് കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ തുടക്കം കുറിക്കുന്നു. 65നു മുകളിൽ പ്രായമുള്ളവർക്ക് പ്രത്യേക കരുതൽ നൽകുന്നതിന് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വർഷം 1,13,00,000 രൂപയാണ് ചെലവ് കണക്കാക്കുന്നത്. കല്ലറ, മുളക്കുളം, തലയോലപ്പറമ്പ്, കടുത്തുരുത്തി, വെള്ളൂർ, ഞീഴൂർ ഗ്രാമപഞ്ചായത്തുകളിലായി 60 ക്യാമ്പ് സെന്ററുകൾ ആരംഭിക്കും. ഈ ക്യാമ്പ് സെന്ററുകൾ വഴി വയോജനങ്ങൾക്ക് മാസത്തിൽ രണ്ട് തവണ സൗജന്യ ചികിത്സയും മരുന്നും ഉറപ്പാക്കും. രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലിരോഗങ്ങൾക്കുള്ള പരിശോധനയും മരുന്നും ഇൻസുലിനും സൗജന്യമായി നൽകും. രണ്ടോ മൂന്നോ വാർഡുകൾക്ക് ഒരു സെന്റർ എന്ന രീതിയിലാണ് സജ്ജമാക്കുന്നത്. ഡോക്ടർ, സ്റ്റാഫ് നഴ്‌സ്, ജൂനീയർ പബ്ലിക് ഹെൽത്ത് നഴ്‌സ് എന്നിവരുടെ സേവനമാണ് ലഭ്യമാക്കുക. കൗൺസിലിംഗ് സൗകര്യവും നൽകുന്നതോടൊപ്പം മാനസികോല്ലാസത്തിനായി വയോജനക്ലബുകളും വയോമിത്രം പദ്ധതിയുടെ ഭാഗമായി ഒരുക്കും.
ഗ്രാമീണ മേഖലകളിൽ വയോ മിത്രം പദ്ധതി നടപ്പിലാക്കുന്നതിന് വേണ്ടിവരുന്ന തുകയുടെ പകുതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് വഹിക്കുന്നത്. ബാക്കി സാമൂഹ്യ സുരക്ഷാ മിഷൻ വിഹിതത്തിലൂടെ കണ്ടെത്തുകയാണ്.