തലയോലപ്പറമ്പ് : പെരുവ ടാക്‌സി സ്റ്റാൻഡിന് സമീപം മാലിന്യം കുന്ന് കൂടിയതോടെ കാൽ നട യാത്രക്കാർ അടക്കമുള്ളവർ ഇത് വഴി പോകണമെങ്കിൽ മൂക്ക് പൊത്തേണ്ട സ്ഥിതിയാണ്. ഇറച്ചി മാലിന്യം, പ്ലാസ്റ്റിക്ക് കുപ്പികൾ ഉൾപ്പടെയുള്ളവ ചാക്കിൽ കെട്ടി നിക്ഷേപിക്കുന്നത് കൊണ്ടുണ്ടാകുന്ന രൂക്ഷ ഗന്ധം മൂലം സ്റ്റാൻഡിലെ ടാക്‌സി ഡ്രൈവർമാർ, സമീപത്തെ വ്യാപാര സ്ഥാപനങ്ങൾ, കാൽനടയാത്രക്കാർ തുടങ്ങിയവർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉളവാകുന്നത്. ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങൾ മൂലം കൊതുകുകൾ, ബാക്ടീരിയകൾ തുടങ്ങിയവ പെരുകി സാംക്രമീകരോഗങ്ങൾ വരെ പകരുവാൻ സാദ്ധ്യത ഏറെയാണെന്ന് പ്രദേശ വാസികൾ പറയുന്നു. പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കാത്തതാണ് മാലിന്യം കുമിഞ്ഞ് കൂടാൻ കാരണമെന്ന് ആക്ഷേപം ശക്തമാണ്.
കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ഉടൻ സംസ്‌ക്കരിക്കുകയോ, എടുത്തു മാറ്റുകയോ ചെയ്യണം. അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കും.
കേരളാ പരിസ്ഥിതി സംരക്ഷണ സമിതി മുളക്കുളം മണ്ഡലം കമ്മിറ്റി
പ്രതിഷേധ യോഗം നടത്തി
മാലിന്യ കൂമ്പാരത്തിന് ഉടൻ പരിഹാരം കണ്ടെത്തണമെന്ന് കേരളാ പരിസ്ഥിതി സംരക്ഷണ സമിതി മുളക്കുളം മണ്ഡലം കമ്മിറ്റി പ്രതിക്ഷേത യോഗം നടത്തി. സംരക്ഷണ സമിതി സംസ്ഥാന പ്രസിഡന്റ് സലിൻ കൊല്ലം കുഴി യോഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് കൊല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ജേക്കബ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. സാജു പട്ടറുകാലായിൽ, എസ്. ജോൺ, അനിൽ ചെറിയാൻ, തോമസ് പെരുവ, ബാബു. കെ. എം, കെ. എം ബിനോയി, കിരൺ കെ, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു.