പൊൻകുന്നം :വർഷങ്ങളായി ചിറക്കടവ് പഞ്ചായത്ത് ടൗൺ ഹാൾ മൈതാനത്ത് തുരുമ്പെടുത്ത് കിടന്നിരുന്ന ബസ് കഴിഞ്ഞ ദിവസം ലേലത്തിൽ പോയി. പഴയൊരു സൊസൈറ്റിയുടെ പേരിലായിരുന്ന ബസ് നീക്കം ചെയ്യുന്നതിന് സാങ്കേതിക തടസം നേരിട്ടിരുന്നു. തുരുമ്പെടുത്തു കിടക്കുന്ന ബസ് നീക്കം ചെയ്യാൻ പലതവണ പത്ര പരസ്യം നൽകി. തുടർന്നാണ് കഴിഞ്ഞ ദിവസം നടന്ന വാശിയേറിയ ലേലത്തിൽ 1,32000 രൂപയ്ക്ക് ബസ് ലേലത്തിൽ പോയത്.
രാജേന്ദ്ര മൈതാനത്തെ റോഡിൽ ഉപേക്ഷിച്ച ബസ് സാമൂഹിക വിരുദ്ധരുടെ താവളമായതോടെ പൊലീസാണ് പഞ്ചായത്ത് അധികൃതരുടെ അനുവാദത്തോടെ ടൗൺ ഹാൾ മൈതാനത്ത് കൊണ്ടിട്ടത്. ഭരണസമിതികൾ മാറി വന്നിട്ടും ബസിന്റെ കാര്യം വിസ്മരിച്ചതോടെ ബസ് കാടു കയറി മൂടി ഇഴ ജന്തുക്കളുടെ ആവാസ കേന്ദ്രമായി . ഇതോടെ സമീപവാസികൾ ഭീതിയിലായിരുന്നു.