അടിമാലി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അടിമാലി മേഖലയിലെ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ സന്ദേശം മുൻനിർത്തി അടിമാലി എസ്എൻഡിപി ഹയർസെക്കന്ററി സ്‌കൂളിലേയും അടിമാലി ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂളിലേയും കുട്ടികൾ ഫ്ളാഷ്‌മോബുകൾ അവതരിപ്പിച്ചു.ദേവികുളം താലൂക്ക് കേരള ലീഗൽ സർവ്വീസ് കമ്മറ്റിയുടെയും കേരള എക്‌സൈസ് വകുപ്പിന്റെയും നേതൃത്വത്തിൽ അടിമാലി സർക്കാർ ഹൈസ്‌ക്കൂളിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ദിനാചരണം സബ് ജഡ്ജും ദേവികുളം ലീഗൽ സർവ്വീസ് കമ്മറ്റി ചെയർമാനുമായ അന്യാസ് തയ്യിൽ ഉദ്ഘാടനം ചെയ്തു.ഈസ്റ്റേൺ ന്യൂട്ടൺ സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും അടിമാലി ടൗണിൽ പൊതുജന പങ്കാളിത്തതോടെ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.അദ്ധ്യാപകരായ മിഷേൽ ലബ്രോയി, ആർ ശാലിനി ലഹരി വിരുദ്ധ ക്ലബ്ബ് കോഡിനേറ്റർ എ ജി ബിനു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. അടിമാലി എസ്എൻഡിപി ഹയർസെക്കന്ററി സ്‌കൂളിൽ എൻഎസ്എസ് സ്‌ക്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ നടന്നത്.സ്‌കൂളിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ജ്വാല പ്രതിജ്ഞ എടുത്തു.തുടർന്ന് കുട്ടികൾക്കായി അടിമാലി എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ബോധവൽക്കരണ ക്ലാസ് നടന്നു.അദ്ധ്യാപകരായ കെ ടി സാബു,ബിജോയ് കെ നാഥ്,ലിൻസ് എൻ സോമരാജ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.