കോട്ടയം : എം.സി റോഡിൽ നീലിമംഗലത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്‌ത്തി മരണത്തിനിടയാക്കിയ ശേഷം നിറുത്താതെ പോയ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ എ.സി ബസ് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെ.എസ്.ആർ.ടി.സി എം.ഡിക്ക് കത്തയച്ചിരുന്നു. ചോദ്യം ചെയ്യലിൽ ബസ് ബൈക്കിൽ ഇടിച്ചിട്ടില്ലെന്ന് കണ്ടക്‌ടറും ഡ്രൈവറും പൊലീസിനോട് പറഞ്ഞു. ഇരുവരും നിലപാടിൽ ഉറച്ച് നിൽക്കുന്നതിനാൽ ബസ് ശാസ്ത്രീയ പരിശോധനയ്‌ക്കു വിധേയമാക്കാനാണ് പൊലീസ് തീരുമാനം. ഇന്ന് ശാസ്ത്രീയ പരിശോധനാ സംഘം ബസ് പരിശോധിക്കും. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും പൊലീസ് തുടർനടപടികളിലേക്ക് കടക്കുക. മനപ്പൂർവമല്ലാത്ത നരഹത്യയ്‌ക്കും, അപകടമുണ്ടായത് കണ്ടിട്ടും പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കാത്തതിനും, പൊലീസിൽ അറിയിക്കാത്തതിനുമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്‌ച വൈകിട്ട് മൂന്നരയോടെയായിരുന്നു അപകടം. ബസിന്റെ പിൻഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷി മൊഴി. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിനിടയാക്കിയത്.
സംസ്‌കാരം ഇന്ന്
അപകടത്തിൽ മരിച്ച കുറുപ്പന്തറ പള്ളിക്ക് സമീപത്തെ വീട്ടിലെ താമസക്കാരൻ കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണിയുടെ (29) സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടുചിറ ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.