wste

കറുകച്ചാൽ: സ്റ്റാൻ‌ഡും പരിസരവും 'മാലിന്യക്കൂമ്പാരത്തിൽ' പൊതിഞ്ഞിരിക്കുന്ന കാഴ്ചയാണ് കറുകച്ചാലിൽ കാണാനാവുക. സ്റ്റാൻഡിന് സമീപമുള്ള കംഫർട്ട് സ്റ്റേഷന് പിറകിലുള്ള ഓട മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈ മലിനജലം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്ക് ഒഴുകിയെത്തിയത് വ്യാപാരികൾക്ക് ഏറെ ദുരിതം സമ്മാനിച്ചിരുന്നു. വ്യാപാരികൾ മാത്രമല്ല ജനങ്ങളും മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുമോ എന്ന ആശങ്കയിലാണ് ജീവിക്കുന്നത്. രണ്ടു വർഷമായി ഈ ഓടയിൽ ശുചീകരണം നടന്നിട്ടെന്നും അതിനുശേഷം യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. അസഹ്യമായ ദുർഗന്ധവും ഇവിടെ നിന്നു വമിക്കുന്നുണ്ട്. . ഓടകൾ നിറഞ്ഞു കവിഞ്ഞ് മലിനജലം റോഡിലേക്കൊഴുകുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. മലിനജലം കെട്ടിക്കിടക്കുന്നത് വിദ്യാർത്ഥികളടക്കം ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വെള്ളക്കെട്ടിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം കാൽനടക്കാരുടെ ദേഹത്ത് വീഴുന്നുവെന്ന് നാട്ടുകാർ പറയുന്നു. ഓടകൾക്കു മൂടികളില്ലാത്തതാണ് ഇവിടത്തെ മറ്റൊരു പ്രശ്നം. ഓടകളിലെ മാലിന്യം നീക്കുന്നതിനായും ഓടയുടെ ഒഴുക്കു സുഗമമാക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകനായ വിഷ്ണു മുതിരമല പരാതി നൽകിയിരുന്നു. ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാലിന്യപ്രശ്നം രൂക്ഷമായ കറുകച്ചാൽ സ്റ്റാൻഡും പരിസരവും പരിശോധിച്ചു. ഒന്നരമണിക്കൂറോളം നീണ്ട പരിശോധനയാണ് നടത്തിയത്. വേണ്ട നടപടികളെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.