ചങ്ങനാശേരി : ദുരിതം തുടരുകയാണ്, പൊതുജനത്തിനും ജീവനക്കാർക്കും. ആരിലും അറപ്പുളവാക്കും. അത്ര ദയനീയമാണ് ചങ്ങനാശേരി റവന്യു ടവറിലെ കാഴ്ചകൾ. വൃത്തി ഇപ്പോൾ ഏഴയിലത്തില്ല. മൂക്കുപൊത്താതെ നിർവാഹമില്ല. റവന്യുടവറിലെ തൊഴിലാളികൾ പണിമുടക്കിയതിനെതുടർന്നാണ് വൃത്തിഹീനമായ സാഹചര്യം തുടരുന്നത്. എട്ടു മാസം പിന്നിട്ടിട്ടും തൊഴിലാളികൾക്കു ശമ്പളം നല്കിയിട്ടില്ല. ഇതോടെയാണ് തൊഴിലാളികൾ സമരത്തിനിറങ്ങിയത്. ആറ് നിലകളാണ് റവന്യു ടവറിന്. ശുചീകരണം മുടങ്ങിയതോടെ നിലവിൽ ഓരോ നിലയിലും മാലിന്യം നിറഞ്ഞു. ദിവസേന നൂറുകണക്കിന് ആളുകൾ എത്തുന്ന ഇവിടേയ്ക്ക് നിലവിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വൃത്തിഹീനമായ സാഹചര്യമായതിനാൽ ടോയ്ലെറ്റുകളും ഉപയോഗിക്കാൻ കഴിയില്ല.
വൃത്തിയാക്കൽ, പിന്നെ പ്രതിഷേധം
ടവറിന്റെ ഓരോ നിലയിലും മാലിന്യം ശേഖരിക്കാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഹൗസിംഗ് ബോർഡ് അധികൃതർ വേസ്റ്റ് ബിന്നുകളിലെ മാലിന്യം നഗരസഭയിലെ ശുചീകരണ തൊഴിലാളിയെ എത്തിച്ചു കഴിഞ്ഞദിവസം നീക്കിയിരുന്നു. എന്നാൽ, നഗരസഭാ അധികൃതരുടെ അറിവോടെയല്ല ശുചീകരണം നടത്തിയത്. അധികൃതരുടെ നടപടിക്കെതിരെ റവന്യു ടവറിലെ പണിമുടക്കുന്ന തൊഴിലാളികൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണ അവശിഷ്ടങ്ങൾ മാത്രമാണ് താത്ക്കാലികമായി നീക്കിയത്. അതേസമയം ടോയ്‌ലെറ്റുകൾ വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. രൂക്ഷമായ ദുർഗന്ധം മൂലം ഇവിടെയ്ക്ക് അടുക്കാൻ കഴിയാത്ത സ്ഥിതിയാണ്. ടോയ്‌ലെറ്റുകൾക്ക് ചോർച്ചയുമുണ്ട്. ടവറിലെ ജിവനക്കാർ പ്രാഥമികാവശ്യങ്ങൾക്കായി സ്വകാര്യ സ്ഥാപനങ്ങളിലെ ടോയ്ലറ്റുകളെയാണ് നിലവിൽ ആശ്രയിക്കുന്നത്.