ന്യൂഡൽഹി: പമ്പാ നദിയെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ 1000 കോടി രൂപയുടെ പദ്ധതി ഉടൻ പ്രഖ്യാപിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. ഗംഗയെ സംരക്ഷിക്കുന്ന അതേ പ്രാധാന്യത്തോടെ പമ്പയെയും കാണണം. പ്രളയത്തെ തുടർന്ന് പമ്പാ നദി തകർച്ചയെ നേരിടുകയാണ്. ഉപനദികളിൽ അടക്കം ഒഴുക്ക് കുറഞ്ഞ് വറ്റി വരണ്ടു. കരകൾ ഇടിഞ്ഞ് താഴുന്നത് തടയാനും മലിന ജലം ഒഴുകി വരുന്നത് തടയാനും നടപടിയെടുക്കണം. ഉപനദികളായ വരട്ടാർ, കുട്ടംപേരൂരാർ എന്നിവയും സംരക്ഷിക്കണം. തീരവാസികളെ ബോധവത്‌ക്കരിക്കാനും നടപടി വേണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.