solar-light

കുറവിലങ്ങാട് : നവീകരണത്തിന് ശേഷം എം.സി.റോഡിൽ അപകടം പെരുകുമ്പോൾ സൗരോർജ്ജ വിളക്കുകളും സിഗ്‌നൽ സംവിധാനങ്ങളും ഇപ്പോഴും നോക്കുകുത്തി. കുറവിലങ്ങാട് മേഖലയിൽ സോളാർ വഴിവിളക്കുകളിൽ പാതിയും പ്രവർത്തനരഹിതമാണ്. ഇതിനു പുറമെ പലതും വാഹനമിടിച്ച് തകർന്ന നിലയിലും. ഇതോടെ എം.സി.റോഡിലൂടെ രാത്രി യാത്ര ഏറെ ദുഷ്ക്കരമായി. മൂവാറ്റുപുഴ മുതൽ പട്ടിത്താനം വരെ എം. സി റോഡരികിൽ അറുന്നൂറിലധികം വിളക്കുകൾ സ്ഥാപിച്ചിരുന്നു. അന്ന് വഴിവിളക്കുകളില്ലാത്ത സ്ഥലങ്ങൾക്ക് മുഖ്യപരിഗണന നൽകിയായിരുന്നു കെ.എസ്.ടി.പി സോളാർ വിളക്കുകൾ സ്ഥാപിച്ചത്. മുപ്പത് മീറ്റർ അകലത്തിലായിരുന്നു വിളക്കുമരങ്ങൾ സ്ഥാപിച്ചത്. ഒരു പകൽ സമയത്തെ സൗരോർജം കൊണ്ട് തുടർച്ചയായി മുപ്പത്തിയാറ് മണിക്കൂർ പ്രകാശിപ്പിക്കാനുള്ള സംഭരണശേഷി ഓരോ സോളാറുകൾക്കുമുണ്ടെന്ന് കെ.എസ്.ടി.പി. അവകാശപ്പെട്ടത്. വാഹനമിടിച്ചും അല്ലാതെയും തകർന്ന സോളാർവിളക്കുകൾ ഇപ്പോൾ റോഡരികിലെ കാട്ടിലേക്ക് തള്ളിയ നിലയിലാണ്. പ്രവർത്തനം നിലച്ച സോളാർ വിളക്കുകൾ മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ കെ. എസ്. ടി. പി അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല.