വൈക്കം : മാലിന്യങ്ങൾ റോഡിലേക്കും കായലിലേക്കും തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. മാലിന്യമില്ലാത്ത ക്ഷേത്രനഗരമായി പ്രഖ്യാപിച്ച വൈക്കം നഗരത്തിലും വേമ്പനാട്ട് കായൽ തീരത്തും മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെയാണ് നഗരസഭ വിഷയത്തിൽ ഇടപെട്ടത്. മാലിന്യനിർമ്മാർജനത്തിനായി അയ്യർകുളങ്ങരയ്ക്ക് സമീപമുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ ഷ്രെഡ്ഡിംഗ് യൂണിറ്റും, എം.ആർ.എഫ് യൂണിറ്റും, ജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാനായി തുമ്പൂർമുഴി യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്. ഹരിതകർമസേന അംഗങ്ങളായ സ്ത്രീകൾ വീടുകളിലെത്തി അജൈവമാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. മാലിന്യങ്ങൾ തള്ളുന്നവരിൽ നിന്ന് പിഴ ഈടാക്കാൻ ചെയർമാൻ പി.ശശിധരൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
കാൽനട യാത്രക്കാർക്ക് ഭീഷണിയായി പുതിയതായി സ്ഥാപിച്ച പെട്ടിക്കടകൾ എടുത്തുമാറ്റും. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാർ റോഡരികിലേക്ക് മാലിന്യങ്ങൾ ഒഴുക്കിയാൽ അടച്ചുപൂട്ടും. ക്ഷീരസംഘങ്ങളിൽ ദിനംപ്രതി 10 ലിറ്റർ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തി 100 ദിവസത്തെ കൂലി നൽകും. വടക്കുംകൂർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജൂലായ് അഞ്ചിന് വൈക്കം മുഹമ്മദ് ബഷീറിന്റെ 25ാമത് ചരമവാർഷികം വിപുലമായ പരിപാടികളോടെ ആചരിക്കാനും കൗൺസിൽ യോഗം തീരുമാനിച്ചു. അഡ്വ. വി.വി സത്യൻ, അഡ്വ. അംബരീഷ് ജി.വാസു, ഡി.രഞ്ജിത്കുമാർ, ബിജു കണ്ണേഴത്ത്, എ.സി മണിയമ്മ, ജി.ശ്രീകുമാരൻ നായർ, പി.എൻ കിഷോർകുമാർ, സുമ കുസുമൻ, സിന്ധു സജീവൻ, ശ്രീകുമാരി യു.നായർ, ആർ.സന്തോഷ്, രോഹിണിക്കുട്ടി അയ്യപ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.