കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറിയിൽ ഇനി വിജ്ഞാനത്തിനൊപ്പം വൈദ്യുതിയും ലഭിക്കും. പുതുതായി സ്ഥാപിച്ച 25 കിലോ വാട്ട് ശേഷിയുള്ള സൗരോർജപ്ലാന്റിൽ നിന്ന് 15000 ചതുരശ്ര അടി വിസ്ത്രൃതിയുള്ള ലൈബ്രറി മന്ദിരത്തിന്റെയും സമീപത്തുള്ള കെ.പി.എസ് മേനോൻ ഓഡിറ്റോറിയത്തിന്റെയും വൈദ്യുതി ആവശ്യം നിറവേറ്റാം. മിച്ച വൈദ്യുതിയും ലഭിക്കും.
അറുപതു മുുതൽ 70 വരെ യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന വൈദ്യുതി ഉപയോഗം. 25 കിലോ വാട്ട് സൗരോർജ പ്ലാന്റിലൂടെ 100 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയും. ഓൺഗ്രിഡ് രീതിയിലായതിനാൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി നേരിട്ട് വൈദ്യുതി ബോർഡിന് കൊടുക്കുകയും ലൈബ്രറി ആവശ്യത്തിന് നിലവിലുള്ള രീതി തുടരുകയുമാണ് ചെയ്യുക. കെ.എസ്.ഇ.ബി സാദ്ധ്യതാ പഠനത്തിന് ശേഷമാണ് അനുമതി ലഭിച്ചത്. പതിനാറ് ലക്ഷത്തിലധികം രൂപ ചെലവ് ചെയ്ത് നടപ്പാക്കുന്ന പദ്ധതിയുടെ നിർവ്വഹണം ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ നിർവ്വഹിച്ചു.
ആവശ്യത്തിൽ കൂടുതൽ വൈദ്യുതി സോളാർ പ്ലാന്റിൽ നിന്ന് ലഭിക്കുന്നതോടെ ലൈബ്രറിയും സമീപത്തെ ഹാളും പൂർണമായും എയർ കണ്ടീഷൻ ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്,
കെ.പി.എസ് മേനോൻ ഹാളിനും ലൈബ്രറി മന്ദിരത്തിനും ഇടയിലുള്ള സ്ഥലത്ത് പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപ കൽപ്പന ചെയ്യുന്ന കോട്ടയത്തെ ആദ്യ ഓപ്പൺ എയർ തീയേറ്ററിന്റെയും ശാസ്ത്രി റോഡിൽ കേരളീയ വാസ്തു ശിൽപ്പമാതൃകയിലുള്ള ലൈബ്രറിപ്രവേശന കവാടത്തിന്റെയും നിർമ്മാണം ഉടൻ ആരംഭിക്കും.
പൊതു ജനങ്ങളുടെ സൗകര്യാർത്ഥം റഫറൻസ് സെക്ഷൻ അമേരിക്കൻ ലൈബ്രറി പ്രവർത്തിച്ചിരുന്ന വിശാലമായ സ്ഥലത്തേക്കു മാറ്റുന്ന ജോലികളും നടക്കുകയാണ് .എല്ലാ ശനിയാഴ്ചയും വൈകിട്ട് 5മുതൽ 8വരെ ലൈബ്രറി ഹാളിൽ സംഗീതപ്രേമികൾക്ക് പാട്ടു പാടാൻ അവസരം ലഭ്യമാക്കുന്ന സംഗീതട്രൂപ്പും പ്രവർത്തിക്കുന്നു. യോഗാക്ലാസും ആരോഗ്യ സംരക്ഷണത്തിനുള്ള സൂംബോഡാൻസ് പരിശീലനവും ഉണ്ട്. സാഹിത്യ പ്രവർത്തനവുമായി ബന്ധപ്പെട്ട് പുസ്തക ചർച്ചയും കവിയരങ്ങും സ്ഥിരമായി നടത്തുന്ന റീഡേഴ്സ് ഫോറവും ലൈബ്രറിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.