കോട്ടയം: തെരുവുനായ്ക്കൾ കടിച്ചു കുടഞ്ഞവരുടെ എണ്ണം കേട്ടാൽ ഞെട്ടും. ഈ വർഷം ഇതുവരെ 4434. ജില്ലയിലെ തെരുവുനായ നിയന്ത്രണം പാളിയെന്ന് സൂചിപ്പിക്കുന്ന കണക്കുകളാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിക്കുന്നത്. ദിവസവും ശരാശരി 25 പേർക്കെങ്കിലും കടികിട്ടുന്നുണ്ട്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷമാണ് കടിയേറ്റവർ കൂടുതൽ. കഴിഞ്ഞ വർഷം ജൂൺ വരെ 2981 പേർക്കാണ് കടിയേറ്റതെങ്കിൽ ഇക്കുറിയത് ഇരട്ടിയോളമായി . വേനൽക്കാലത്താണ് കൂടുതൽ പേർ ആക്രമണത്തിന് ഇരയായത്. മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 2485 പേർക്ക് കടിയേറ്റു. എന്നാൽ മൂന്ന് വർഷത്തിനിടെ ജില്ലയിൽ തെരുവുനായയുടെ കടിയേറ്റ് ആരും മരിച്ചിട്ടില്ലെന്നത് ആശ്വാസമാണ്.
എ.ബി.സി പദ്ധതി പാളി
തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്ന എ.ബി.സി (ആനിമൽ ബർത്ത് കൺട്രോൾ) പദ്ധതി ജില്ലയിൽ പാളി. തദ്ദേശ സ്ഥാപനങ്ങളാണ് തെരുവു നായ്ക്കളെ നിയന്ത്രിക്കേണ്ടതെങ്കിലും കുടുംബശ്രീക്കായിരുന്നു എ.ബി.സി പദ്ധതിയുടെ നടത്തിപ്പു ചുമതല. മാലിന്യ സംസ്കരണം ശരിയായി നടക്കാത്തതാണ് തെരുവു നായ നിയന്ത്രണം സാദ്ധ്യമാകാത്തതിന് പ്രധാന കാരണം. തെരുവിൽ വലിച്ചെറിയുന്ന ആഹാര സാധനങ്ങൾ തിന്ന് കൊഴുത്ത് നടക്കുന്ന നായ്ക്കൾ യാത്രക്കാരെ ആക്രമിക്കുകയാണ്.
കടിയേറ്റവർ
ജനുവരി: 637
ഫെബ്രുവരി: 705
മാർച്ച് : 792
ഏപ്രിൽ : 885
മേയ് : 808
ജൂൺ :607
ഈ വർഷം ഇതു വരെ കടിയേറ്റവരുടെ എണ്ണം
4434
'' കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ ചികിത്സ തേടണം. പേവിഷം ബാധിച്ചാൽ ചികിത്സയില്ല. ചില പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും സൗജന്യ വാക്സിനേഷൻ ലഭിക്കും. സീറം കുത്തിവയ്പ്പുകൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും ലഭിക്കും''
- ഡോ.ജേക്കബ് വറുഗീസ്