ഏറ്റുമാനൂർ: അസൗകര്യങ്ങളുടെ നടുവിലാണ് ഏറ്റുമാനൂർ മത്സ്യമാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. മാർക്കറ്റിലും പരിസരത്തും ദുർഗന്ധം രൂക്ഷമാണ്. വൃത്തിഹീനമായ ചുറ്റുപാട്, ജീവനക്കാർക്ക് കുടിക്കാൻ വെള്ളം പോലുമില്ല...തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പ്രശ്നങ്ങൾ. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ മത്സ്യമാർക്കറ്റുകളിലൊന്നായി അറിയപ്പെടുന്ന ഇവിടെയാണ് ഈ ദുർഗതി. ഏറ്റുമാനൂർ നഗരസഭയുടെ പ്രധാന വരുമാനമാർങ്ങളിലൊന്നായ ഈ മാർക്കറ്റിനെ ആധുനികനിലവാരത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. പരിസരം വൃത്തിയാക്കുന്നതിനും മാലിന്യനിർമാർജ്ജനത്തിനും സംവിധാനങ്ങൾ ഇവിടെയില്ല. തെർമോകോൾ ഉപയോഗത്തിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ കൊണ്ട് വന്നെങ്കിലും ഇവയൊന്നും പൂർണ്ണമായും നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. നഗരത്തിലെ ദുർഗന്ധത്തിന്റെ പ്രധാന കാരണം മത്സ്യ മാർക്കറ്റ് സമീപത്തെ നീരോഴുക്കില്ലാത്ത ഓട ആണെന്നറിഞ്ഞിട്ടും ഇത് തെളിക്കാനോ നീരൊഴുക്ക് ഉറപ്പുവരുത്താനോ അധികാരികൾ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. ഓടയ്ക്ക് മുകളിൽ കോൺക്രീറ്റ് സ്ലാബുകൾക്ക് പകരം ഇരുമ്പ് കമ്പി ഉപയോഗിച്ചുള്ള ഗ്രില്ലുകളാണ് സ്ഥാപിച്ചിരുന്നത്. എന്നാൽ കാലപ്പഴക്കം ചെന്നതോടെ ഗ്രില്ലുകൾ തുരുമ്പെടുത്ത് നശിക്കുകയും പലയിടത്തും ഒടിഞ്ഞ് വീഴുകയും ചെയ്തത് അപകടസാദ്ധ്യതയും ഉയർത്തുന്നു. സ്റ്റാളുകൾ ലേലത്തിനെടുത്തിരിക്കുന്നവർ സ്വന്തം നിലയിൽ അവ വൃത്തിയാക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ വെള്ളമില്ലാത്തതിനാൽ വൃത്തിയാക്കൽ പേരിന് മാത്രമായി ഒതുങ്ങുന്നു. മാർക്കറ്റിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പ് തകർന്നിട്ടും അത് പോലും ശരിയാക്കാൻ അധികൃതർ തയാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.
മീൻ വണ്ടിയിലെ വെള്ളം കടകൾക്കു മുന്നിൽ, വ്യാപാരികളും ദുരിതത്തിൽ
മാർക്കറ്റിലേയ്ക്ക് മീൻ എത്തിക്കുന്ന വണ്ടികളിൽ നിന്നുള്ള വെള്ളം കടകൾക്കു മുന്നിലേയ്ക്ക് ഒഴുകിയെത്തുന്നത് ഇവിടെ ദുർഗന്ധത്തിന് കാരണമാകുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് അടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. ഏറ്റുമാനൂർ മീൻ മാർക്കറ്റിലേയ്ക്ക് എത്തുന്ന ലോറികളിൽ നിന്നാണ് മലിനജലം സമീപത്തെ കടകളുടെ മുന്നിലേയ്ക്ക് ഒഴുകിയെത്തുന്നത്. അതിരാവിലെ എത്തുന്ന ലോറികൾ ഈ കടകൾക്കു മുന്നിലാണ് പാർക്ക് ചെയ്യുന്നത്. ലോറികളിൽ നിന്നുള്ള മലിനജലവും, മീൻ ഇറക്കുമ്പോഴുള്ള മാലിന്യങ്ങളും വെള്ളവും ഇവിടെ കൂടിക്കിടക്കും. ദിവസവും ഇവിടെ എത്തുന്ന കടകളിലെ ജീവനക്കാരാണ് ഈ മാലിന്യം നീക്കം ചെയ്യുന്നത്. മാലിന്യങ്ങളും വെള്ളവും നിറഞ്ഞത് തങ്ങളുടെ കച്ചവടത്തെ ബാധിക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു.