കോട്ടയം: നീലിമംഗലത്ത് ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയെന്നു കരുതുന്ന എ.സി ലോഫ്ലോർ ബസിന്റെ ഇടതു വശത്ത് ബൈക്കിന്റെ സൈലൻസർ ഉരഞ്ഞതിനു സമാനമായ പാട് കണ്ടെത്തി. പൊലീസിന്റെ ശാസ്ത്രീയ പരിശോധനാ സംഘവും മോട്ടോർ വാഹന വകുപ്പും നടത്തിയ പരിശോധനയിലാണ് പാട് കണ്ടെത്തിയത്. എന്നാൽ, ഇത് അപകടത്തിൽപ്പെട്ട ബൈക്കിന്റെ തന്നെയാണ് എന്ന് ഉറപ്പിക്കാനായില്ല. ഇതിനായി ബസിന്റെ വശങ്ങളിലെ കാമറകൾ പരിശോധിക്കാനാണ് നീക്കം. ഇതിനായി പൊലീസ് കെ. എസ്. ആർ. ടി. സിയെ സമീപിക്കും.
കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് എം.സി റോഡിൽ നീലിമംഗലം പാലത്തിനു സമീപം കെ.യു.ആർ.ടി.സി എ.സി ലോഫ്ലോർ ബസിടിച്ച് കുറുപ്പന്തറ പള്ളിയ്ക്കു സമീപം താമസിക്കുന്ന കോഴിക്കോട് വെസ്റ്റ്ഹിൽ അരൂക്കുഴുപ്പിൽ അലൻ ആന്റണി (29) മരിച്ചത്. അപകടത്തിൽപ്പെട്ടെങ്കിലും ബസ് നിർത്താൻ തയ്യാറാകാതെ ജീവനക്കാർ ഓടിച്ചു പോവുകയായിരുന്നു. അപകടം കണ്ടു നിന്നവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ട പ്രകാരം ബസ് ഹാജരാക്കിയിരുന്നു. കണ്ടക്ടറെയും ഡ്രൈവറേയും ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ, തങ്ങളുടെ വാഹനം ഇടിച്ചിട്ടില്ലെന്ന നിലപാടാണ് ഇരുവരും സ്വീകരിച്ചത്. തുടർന്നാണ് ബസ് ശാസ്ത്രീയ പരിശോധനയ്‌ക്കു വിധേയമാക്കിയത്.