പാലാ: ഇറ്റാലിയൻ സാംസ്‌ക്കാരിക പുരസ്‌ക്കാരം നേടിയ ആദ്യ ഇന്ത്യൻ വൈദികൻ എന്ന ബഹുമതി ഫാ. ഡോ. എബ്രഹാം കാവള ക്കാട്ടിന് അലങ്കാരമാകുമ്പോൾ പാലാ രൂപതയ്ക്കും ഇത് അഭിമാന നിമിഷം.

'' ഫാ.എബ്രഹാം കാവളക്കാട്ട് പാലാ രൂപതയുടെ പുത്രനാണ്. അദ്ദേഹം ദൈവ ശുശ്രൂഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് സലേഷ്യൻ സഭ വഴി റോമിൽ ആണെങ്കിലും പാലാ രൂപതയോടും, ജന്മനാടിനോടും എന്നും സ്‌നേഹാദരങ്ങൾ വെച്ചു പുലർത്തുന്ന വൈദിക ശ്രേഷ്ഠനാണ്. അതു കൊണ്ടു തന്നെ അദ്ദേഹത്തിന് ലഭിച്ച ഇറ്റാലിയൻ സാംസ്‌ക്കാരിക ബഹുമതി പാലാ രൂപതയ്ക്കും അഭിമാനമാണ് '' ഫാ. കാവളക്കാട്ടിന്റെ പുരസ്‌കാര ലബ്ദിയെക്കുറിച്ചറിഞ്ഞ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും, സഹായ മെത്രാൻ മാർ ജേക്കബ്ബ് മുരിക്കനും ''കേരള കൗമുദി ' യോടു പറഞ്ഞു. പാലാ രൂപതയിലെ ഏഴാച്ചേരി ഇടവകയിൽപ്പെട്ട കാവളക്കാട്ട് ദേവസ്യാച്ചൻ ഏലിക്കുട്ടി ദമ്പതികളുടെ മകനാണ് ഫാ.ഡോ. എബ്രഹാം.

ഏഴാച്ചേരി സെന്റ് ജോൺസ് എൽ.പി. സ്‌കൂളിലും, രാമപുരം സെന്റ് അഗസ്ത്യൻസ് ഹൈസ്‌കൂളിലും തമിഴ്‌നാട്ടിലെ ഡോൺ ബോസ്‌ക്കോ സ്‌കൂളിലുമായാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. തുടർന്ന് സെമിനാരിയിൽ ചേർന്നു.

രണ്ടു പതിറ്റാണ്ടിലധികം ഇറ്റലിയിൽ അജപാലനശുശ്രൂഷ ചെയ്തിട്ടുള്ള ഫാ. കവളക്കാട്ടിന്റ പുസ്തകത്തിന്റെ മൂലരചന ഇറ്റാലിയൻ ഭാഷയിലാണ്. ഇന്ത്യയിലെ സലേഷ്യൻ സഭയുടെ മദ്രാസ് പ്രോവിൻസ് അംഗമാണ്. 1975ൽ സലേഷ്യൻ സഭാംഗമായി, 1985ൽ പൗരോഹിത്യം സ്വീകരിച്ചു. കൗൺസിലിങ്, ഗ്രാഫിക് ആർട്‌സ് എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ബിസിനസ്സ് മാനേജ്‌മെന്റ്, ഡിസൈനും വർണ്ണങ്ങളും, അപ്പസ്‌തോലൻ തോമസ് എന്നിവ ഫാ.എബ്രഹാം കവളക്കാട്ടിന്റെ മറ്റു ഗ്രന്ഥങ്ങളാണ്.