കോട്ടയം: ബസുകൾ അപകടകരമായ രീതിയിൽ മത്സര ഓട്ടം നടത്തുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാതല റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിക്ക് പരാതി. കൊടും വളവുകളും നടപ്പാതയിലെ സ്ഥല പരിമിതിയും കണക്കിലെടുക്കാതെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ അതിവേഗത്തിൽ പായുന്നത് ബസ് യാത്രക്കാരുടെയും മറ്റു വാഹനങ്ങളിൽ സഞ്ചരിക്കുന്നവരുടെയും ജീവന് ഭീഷണി ഉയർത്തുന്നതായി യാത്രക്കാരുടെ സംഘടന നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഇന്നലെ നടന്ന യോഗത്തിൽ പരാതി ആർ.ടി.എ ഫയലിൽ സ്വീകരിച്ചു.
സമയക്രമം കൃത്യമായി പാലിച്ചാണ് ബസുകൾ സർവീസ് നടത്തുന്നതെന്ന് ഉറപ്പാക്കാൻ ബസ് സ്റ്റാൻഡുകളിൽ പഞ്ചിംഗ് സംവിധാനം ഏർപ്പെടുത്തണമെന്ന് സംഘടന നിർദേശിക്കുന്നു.

കോട്ടയം കഞ്ഞിക്കുഴിയിലെ ഗതാഗത തടസം നീക്കുന്നതിനുള്ള ജില്ലാ പൊലീസ് മേധാവിയുടെ അഞ്ചിന നിർദേശങ്ങൾ യോഗം പരിഗണിച്ചു. പുതിയ പെർമിറ്റിനും പെർമിറ്റ് പുതുക്കുന്നതിനും സ്‌പെഷ്യൽ പെർമിറ്റിനും സ്വകാര്യ ബസുകളുടെയും ഓട്ടോ റിക്ഷകളുടെയും ഉടമകൾ സമർപ്പിച്ച 109 അപേക്ഷകളിൽ ആർ.ടി.എ വാദം കേട്ടു. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യബസുകൾ എൽ.എ.പി.ടി ലൈസൻസിനായി സമർപ്പിച്ച അപേക്ഷയും പരിഗണിച്ചു.

കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫീസർ എം. സുരേഷ്, ആർ.ടി.ഒ ബാബു ജോൺ തുടങ്ങിയവർ പങ്കെടുത്തു.