കോട്ടയം: മദ്യലഹരിയിൽ അമിത വേഗത്തിൽ ഓടിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് വിദ്യാർത്ഥിയ്‌ക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്. എസ്.എച്ച് മൗണ്ട് സെന്റ് മെർസലിനാസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി സെമീറ, ഓട്ടോ ഡ്രൈവർ നട്ടാശേരി വേങ്ങച്ചേരി ബിനു എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ച കളത്തിപ്പടി കൊളോനിയ ബ്യൂട്ടി പാർലർ ഉടമ അനിൽകുമാറിനെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് നാലരയോടെ വട്ടമൂട് പാലത്തിനു സമീപം അയ്മനത്ത് പുഴ ക്കടവിലായിരുന്നു അപകടം. എസ്.എച്ച് മൗണ്ടിലെ ബാറിൽ നിന്ന് മദ്യപിച്ച ശേഷം കാറിൽ വരികയായിരുന്നു അനിൽകുമാർ. ഈ സമയം ഇവിടെ സ്‌കൂൾ വിദ്യാ‌ർത്ഥികളെ ഇറക്കാനായി നിർത്തിയ ഓട്ടോറിക്ഷയിൽ കാർ ഇടിച്ചു. ഇവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു. തുട‌ർന്ന് അനിൽകുമാറിനെ നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ച് പൊലീസിനു കൈമാറി. ഓട്ടോഡ്രൈവറെയും കുട്ടിയെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.