പൂഞ്ഞാർ: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫിലമെന്റ് രഹിത പദ്ധതിക്ക് പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ തുടക്കം. ആദ്യ ഘട്ടമായി പഞ്ചായത്തിലെ അഞ്ചാം വാർഡാണ് നൂറുശതമാനം ഫിലമെന്റ് രഹിതമാക്കുക. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.
പദ്ധതിയിൽ അംഗമാകുന്നവർക്ക് കെ.എസ്.ഇ.ബി വഴി മൂന്നു വർഷത്തെ വാറന്റിയുള്ള ഒൻപത് വാട്ട് എൽ.ഇ.ഡി ബൾബുകൾ 60 രൂപ നിരക്കിൽ ലഭിക്കും. ജി.വി. രാജ ആശുപത്രിയിൽ കെ.എസ്.ഇ.ബിയുടെ കൺസ്യൂമർ നമ്പറുമായി എത്തി ഇന്നു രാവിലെ 11 മുതൽ ഒന്നു വരെ രജിസ്‌ട്രേഷൻ നടത്താം. കെ.എസ്.ഇ.ബിയുടെ വെബ് സൈറ്റ് മുഖേനയും ഓഫീസുകളിലും മീറ്റർ റീഡർമാർ മുഖേനയും രജിസ്റ്റർ ചെയ്യാം. കൂടുതൽ വൈദ്യുതി ആവശ്യമുള്ള പഴയ സി.എഫ്.എൽ/ഫിലമെന്റ് ബൾബുകൾ കെ.എസ്.ഇ.ബി തിരിച്ചെടുക്കും.
ഊർജ കേരള മിഷന്റെ ഭാഗമായി കെ.എസ്.ഇ.ബിയും എനർജി മാനേജ്‌മെന്റ് സെന്റർ കേരളയും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ഉച്ചയ്ക്ക് 12ന് ജി.വി രാജ ആശുപത്രി അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് തോമസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ കെ.എസ്.ഇ.ബി ഡപ്യൂട്ടി ചീഫ് എൻജിനീയർ സരേഷ് ചന്ദ് പ്രഖ്യാപനം നടത്തും. ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ മോഹനൻ നായർ മുഖ്യപ്രഭാഷണം നിർവഹിക്കും. ഗ്രാമപഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം, കെ.എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എൻജിനീയർ ജെയിംസ് ജോർജ്, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ തോമസ് പി. ജോർജ്, അസിസ്റ്റന്റ് എൻജിനീയർ ശ്രീജിസ് തുടങ്ങിയവർ സംസാരിക്കും.