കോട്ടയം: കഞ്ഞിക്കുഴിയിലെ ഗതാഗതകുരുക്കഴിക്കാൻ ജില്ലാ പൊലീസ് മേധാവി മുന്നോട്ടു വച്ച നിർദേശങ്ങൾ കൂട്ടക്കുരുക്കാകുമെന്ന് ആശങ്ക. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശാനുസരണം ഇന്നലെ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗമാണ് ഈ നിർദേശങ്ങൾക്ക് പരിഗണിച്ചത്. എന്നാൽ, ഈ നിർദേശങ്ങൾ എത്രത്തോളം പ്രായോഗികമാകുമെന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്. വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതെല്ലാം തീരെ വീതിയില്ലാത്ത റോഡുകളിലേയ്‌ക്കാണ്. ഇത് കെ.കെ റോഡിനെയും കഞ്ഞിക്കുഴിയെയും വീണ്ടും കുരുക്കിലാക്കുമെന്നാണ് ആശങ്ക.
ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് ഓഫീസർ എം. സുരേഷ്, ആർ.ടി.ഒ ബാബു ജോൺ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. ഇത് നടപ്പാക്കുന്നത് സംബന്ധിച്ചു പിന്നീട് തീരുമാനം എടുക്കും.
നിർദേശങ്ങളും പ്രശ്‌നങ്ങളും
നിർദേശം ഇങ്ങനെ
1. ഇറഞ്ഞാൽ ഭാഗത്തു നിന്നും കെ.കെ. റോഡ് ക്രോസ് ചെയ്ത് പുതുപ്പള്ളി, ദേവലോകം, ടൗൺ എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾ പോകുന്നത് നിരോധിക്കണം.
2. ഇങ്ങനെ പോകേണ്ട വാഹനങ്ങൾ മദർ തെരേസ റോഡു വഴി റബർ ബോർഡ് ജംഗ്ഷനിൽ എത്തി പൊലീസ് ക്ലബ്ഈസ്റ്റ് പോലീസ് സ്റ്റേഷൻ ജംഗ്ഷൻ വഴി കെ.കെ. റോഡിൽ പ്രവേശിച്ച് യാത്ര തുടരണം. ഇറഞ്ഞാൽ ഭാഗത്തുനിന്നും കെ.കെ. റോഡു വഴി പോകേണ്ട വാഹനങ്ങൾക്ക് ഫ്രീ ലെഫ്റ്റ് സൗകര്യം പ്രയോജനപ്പെടുത്തി യാത്ര തുടരാം.
3. പുതുപ്പള്ളി, ദേവലോകം മേഖലകളിൽനിന്ന് കെ.കെ. റോഡുവഴി കിഴക്കോട്ട് പോകേണ്ട വാഹനങ്ങൾ ബാവൻസിനു മുന്നിലെത്തി വലത്തേക്ക് തിരിഞ്ഞ് മൗണ്ട് കാർമൽ സ്കൂൾ ജംഗ്ഷനിൽനിന്നും വലത്തേക്ക് തിരിഞ്ഞ് ഫ്രീ ലെഫ്റ്റ് എടുത്ത് കെ.കെ. റോഡിൽ പ്രവേശിക്കണം.
4. കെ.കെ. റോഡിൽ കഞ്ഞിക്കുഴി ജംഗ്ഷനിൽനിന്നും ഇറഞ്ഞാൽ റോഡിലേക്ക് പ്രവേശനം നിരോധിക്കണം. ഇറഞ്ഞാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ബാവൻസ് ജംഗ്ഷനിലെത്തി വലത്തേക്ക് പോകണം.
5. മദർ തെരേസാ റോഡിൽ ഇറഞ്ഞാൽ തിരുവഞ്ചൂർ റോഡ് ജംഗ്ഷൻ മുതൽ റബർ ബോർഡ് ജംഗ്ഷൻ വരെ വൺവേ ആക്കുക (റബർ ബോർഡ് ജംഗ്ഷനിൽനിന്ന് ഇറഞ്ഞാൽ റോഡിലേക്ക് പ്രവേശനമുണ്ടാകില്ല). റബർ ബോർഡ് ജംഗ്ഷനിൽനിന്നും ഇറഞ്ഞാൽ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പൊലീസ് ക്യാമ്പിന് താഴെയുള്ള വഴിയിലൂടെ പൈപ്പ് ലൈൻ റോഡിൽനിന്നും വലത്തേക്ക് പോയി ഇറഞ്ഞാൽ റോഡിൽ പ്രവേശിക്കണം.
ഇതാണ് പ്രശ്നം
1 ഏറ്റവും വീതി കുറഞ്ഞ ജംഗ്ഷനുകളിൽ ഒന്നാണ് മദർതെരേസ റോഡ്. ഇവിടെ റബർ ബോർഡ് റോഡിൽ ഭാരവാഹങ്ങൾ എത്തിയാൽ റോഡ് ഗതാഗതക്കുരുക്കിലാവും. ഇവിടെ നിന്നും രക്ഷപെട്ട് ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ റോഡിൽ എത്തിയാൽ ഇവിടെ അതിലേറെ കുരുക്കാണ് കാത്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇത്തരത്തിൽ വണ്ടി കടത്തി വിടുന്നത് കെ.കെ റോഡിൽ ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപം വീണ്ടും കുരുക്കുണ്ടാക്കും.
2 ദേവലോകം, കഞ്ഞിക്കുഴി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ കെകെ റോഡ് മുറിച്ചു കടന്ന് വേണം ഇറഞ്ഞാൽ റോഡിൽ പ്രവേശിക്കാൻ. ഇതോടെ കെ.കെ റോഡിൽ കഞ്ഞിക്കുഴി ജംഗ്ഷനിൽ ഗതാഗതക്കുരുക്ക് ഉണ്ടാകും. രണ്ടു ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങളെ മറികടന്നു വേണം ഈ വാഹനങ്ങൾക്ക് ഇറഞ്ഞാൽ റോഡിൽ പ്രവേശിക്കാൻ. ഇത് വൻ കുരുക്കിനു വഴി വയ്‌ക്കും.