പാലാ: മദ്യം വേണോ, മയക്കുമരുന്ന് വേണോ....? വേണ്ടവർക്ക് പട്ടാപ്പകലും സമീപിക്കാനൊരു ഇടമുണ്ട് പാലായിൽ; വലിയ പാലത്തിനു താഴെയുള്ള പബ്ലിക്ക് കംഫർട്ട് സ്റ്റേഷൻ! ഇവിടെ എന്ത് നടന്നാലും ആരും ചോദിക്കാനും പറയാനുമില്ലാത്ത അവസ്ഥ. കംഫർട്ട് സ്റ്റേഷനിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലം വ്യാപാരികളും യാത്രക്കാരും പൊറുതിമുട്ടുകയാണ്. അധികാരികളോട് ഒരുപാട് തവണ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. വലിയ പാലത്തിനു താഴെ റിവർവ്യു റോഡിനോടു ചേർന്നുള്ള നഗരസഭ വക കംഫർട്ട് സ്റ്റേഷനാണ് സാമൂഹ്യ വിരുദ്ധർ കൈയടക്കിയിരിക്കുന്നത്. ഇതു മൂലം പൊതുജനങ്ങൾക്കും സമീപത്തെ വ്യാപാരികൾക്കും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത അവസ്ഥയാണ്. നഗരത്തിലെ മുഴുവൻ അനാശാസ്യക്കാരുടെയും പുതിയ താവളം ഈ കംഫർട്ട് സ്റ്റേഷനാണെന്നും പരാതിയുണ്ട്. രാത്രികാലത്ത് ഇവിടെ വെളിച്ചം കുറവായതും സാമൂഹ്യവിരുദ്ധ സംഘത്തിന് ഏറെ സൗകര്യമാണ്.
പരാതിപ്പെട്ടിട്ടും നടപടിയില്ല
പാലത്തിനോടു ചേർന്നുള്ള ന്യൂ മുനിസിപ്പൽ കോംപ്ലക്‌സിലെ വ്യാപാരികളും ജനറൽ ആശുപത്രി അടുത്തായതിനാൽ രോഗികളുടെ കൂട്ടിരിപ്പുകാരും ബസ്, ഓട്ടോ ടാക്‌സി തൊഴിലാളികളും ഒക്കെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ എത്തുന്നത് ഇവിടെയാണ്. സാമൂഹ്യവിരുദ്ധസംഘത്തെക്കുറിച്ച് പല തവണ പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് ഇവർ പറയുന്നു. കംഫർട്ട് സ്റ്റേഷനിലെ അനാശ്യാസക്കാരെയും മറ്റും നിയന്ത്രിച്ച് പൊതുജനത്തിനു പ്രയോജനപ്രദമായ രീതിയിലാക്കുവാൻ നഗരസഭയും പൊലീസും അടിയന്തരമായി ഇടപെടണമെന്ന് ഇവർ ആവശ്യപ്പെടുന്നു.