ഉദയനാപുരം: ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ വാഴമന, ഒതളത്തറ പ്രദേശങ്ങളിലെ നിർദ്ധന കുടുംബങ്ങൾ വഴി ഇല്ലാത്തത് മൂലം പുറം ലോകവുമായി ബന്ധപ്പെടാൻ വലയുന്നു. വഴിയും കുടിവെള്ളവുമില്ലാതെ 20ഓളം നിർദ്ധന കുടുംബങ്ങളാണ് അസൗകര്യങ്ങളുടെ നടുവിൽ നട്ടം തിരിയുന്നത്.ഏതാനും മാസങ്ങൾക്ക് മുമ്പ് രോഗബാധിതനായ പ്രദേശവാസിയെ ചെറു വാഹനം പോലും കടന്ന് വരാൻ ഗതാഗതയോഗ്യമല്ലാത്തതിനാൽ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്ന് മരണപ്പെട്ടിരുന്നു. സ്‌കൂൾ കുട്ടികൾ അടക്കമുള്ള നൂറ് കണക്കിന് ആളുകളുടെ യാത്രയും ഭുരിതപൂർണ്ണമാണ്. താഴ്ന്നതും വെള്ളക്കെട്ട് നിറഞ്ഞ് ചെളിക്കുണ്ടായി മാറിയ ഒറ്റയടിപാതയിലൂടെയാണ് പ്രദേശത്തെ നിവാസികൾ കുടിക്കാനുള്ള ശുദ്ധജലം തലച്ചുമടായി കൊണ്ടു പോകുന്നത്. വീടിന്റെ അറ്റകുറ്റപണികൾ നടത്താൻ കെട്ടിട നിർമ്മാണ സാമഗ്രികൾ അടക്കമുള്ളവ കൊണ്ടുപോകാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്തെ ജനങ്ങൾക്ക് ഗതാഗത യോഗ്യമായ വഴിയും കുടിവെള്ളവും ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ചെളി നിറഞ്ഞ വഴിയിയിലൂടെ പോകുന്ന കുട്ടികൾ പലപ്പോഴും തെന്നി വീഴുന്നതും അപകടത്തിൽപെടുന്നതുംപതിവാണ് സമീപപ്രദേശങ്ങളിലെ ജനജീവിതം ഏറെ മുന്നേറിയിട്ടും തങ്ങളുടെ പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ മാറ്റാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. ഗതാഗത സൗകര്യമുള്ള റോഡും കുടിവെള്ളവും ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വാഴമന, ഒതളത്തറ പ്രദേശം
20 നിർദ്ധന കുടുംബങ്ങൾ
ചെറു വാഹനങ്ങൾ പോലും കടന്നു വരില്ല
കുടിവെള്ളം തല ചുമാടായി കൊണ്ടുവരണം
രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സാധിക്കാത്തതിനാൽ മരണപ്പെടുന്നു