പീരുമേട്: "മരണം വരെ ജയിലിലിട്ട് ശിക്ഷിക്കാമായിരുന്നു, എങ്കിലും കൊല്ലേണ്ടായിരുന്നു" -രാജ്‌കുമാറിന്റെ മാതാവ് കസ്തൂരി വിങ്ങലടക്കി പറഞ്ഞു. വാഗമൺ കോലാഹലമേട്ടിലെ സ്വകാര്യ തോട്ടത്തിലെ ലയത്തിലാണ് മാതാവ് കസ്തൂരിയും ഭാര്യ വിജയയും മൂന്നു കുട്ടികളും താമസിക്കുന്നത്. 70 കഴിഞ്ഞ കസ്തൂരി വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. വിജയ തോട്ടം തൊഴിലാളിയാണ്. അവസാനമായി രാജ്‌കുമാർ വീട്ടിലെത്തിയത് ആറുമാസം മുൻപാണെന്നാണ് ഇവർ പറയുന്നത്. നെടുങ്കണ്ടത്ത് നിന്നു പ്രതിയെ പിടികൂടിയ രാത്രി 12 മണിയോടെ തെളിവെടുപ്പിന് പൊലീസ് കോലാഹലമേട്ടിലെ എസ്റ്റേറ്റ് ലയത്തിൽ എത്തിയപ്പോഴാണ് തട്ടിപ്പ് നടത്തിയകാര്യം അറിഞ്ഞതെന്നാണ് മാതാവ് പറയുന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള രാജ്‌കുമാറിന് ഒറ്റയ്ക്ക് ഇത്രയും വലിയ തട്ടിപ്പ് നടത്താൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നില്ല. ഒപ്പമുണ്ടായിരുന്നവരെ ചോദ്യം ചെയ്‌താൽ കേസിലെ ഉന്നതരെ പിടികൂടാൻ കഴിയുമെന്നാണ് ഈ കുടുംബം പറയുന്നത്. തെളിവെടുപ്പ് സമയത്ത് ഭാര്യയുടെയും ബന്ധുക്കളുടെയും മുന്നിൽവച്ചും പൊലീസ് മർദ്ദിച്ചതിന് അയൽവാസികളും ബന്ധുക്കളും സാക്ഷിയാണ്.