കോട്ടയം : രാജ്യത്ത് ഏറ്റവും ആദ്യം നടതുറക്കുന്ന ഏഴ് ക്ഷേത്രങ്ങളിൽ ഒന്ന് സ്ഥിതി ചെയ്യുന്ന സ്ഥലം. തിരുവിതാംകൂറിലെ അധകൃത വർഗക്കാരുടെ സഞ്ചാരസ്വാതന്ത്ര്യ ചരിത്രത്തിൽ അവിസ്മരണീയ സ്ഥാനം. അതാണ് കോട്ടയത്തിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളിലൊന്നായ തിരുവാർപ്പിന്റെ പെരുമ. പറഞ്ഞിട്ടെന്ത് കാര്യം! ഈ മഹത്വങ്ങളൊന്നും വർത്തമാനകാലത്തിനൊപ്പം കുതിക്കാൻ തിരുവാർപ്പിനെ പ്രാപ്തമാക്കുന്നില്ലെന്നാണ് നാട്ടുകാരുടെ നെടുവീർപ്പ്.
പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട തിരുവാർപ്പ് പഞ്ചായത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക് ഇന്നും സഞ്ചാരയോഗ്യമായ റോഡുകളില്ല. പാടവരമ്പും ഒറ്റയടിപ്പാതകളും താണ്ടി കിലോമീറ്ററുകൾ നടന്ന് പുറം ലോകത്തെത്താൻ വിധിക്കപ്പെട്ടവർ നിരവധിയാണ്. തലത്തോട്, വെങ്ങാലിക്കാട്, വെട്ടിക്കാട് പ്രദേശങ്ങളിലാണ് കൂടുതൽ ദുരിതം. അട്ടിപ്പീടിക വഴി കുമരകത്തേക്ക് സമാന്തരപാത എന്ന ആശയം 1968ൽ തലപൊക്കിയതാണ്. പ്രദേശവാസിയും എം.എൽ.എയും ആയിരുന്ന എം.എ. ജോർജാണ് ആശയം മുന്നോട്ടുവച്ചത്. അഞ്ച് പതിറ്റാണ്ട് പിന്നിടുമ്പോഴും അട്ടിപ്പീടിക റോഡ് ത്രിശങ്കുവിലാണ്.
ഉമ്മൻചാണ്ടി ധനകാര്യ മന്ത്രി ആയിരുന്ന കാലത്ത് ഭരണാനുമതി നൽകി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ പദ്ധതിയിൽ നാലര കിലോമീറ്റർ ദൂരം സൗജന്യമായി ഭൂമി വിട്ടുകൊടുക്കാമെന്ന സ്ഥലവാസികളുടെ സമ്മതപത്രം ഉൾപ്പെടെ വിലപ്പെട്ട രേഖകൾപോലും ഇനി ബാക്കിയില്ല. രാഷ്ട്രീയ കുതന്ത്രങ്ങളാണ് ഇത്തരമൊരു ദുർവിധിക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന് വേണ്ടി ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രവർത്തിച്ചവരിൽ ചിലരെ തിരഞ്ഞുപിടിച്ച് കേസിൽ പ്രതികളാക്കി ശിക്ഷിച്ചു.
വികസനം കൊതിക്കുന്ന റോഡുകൾ
ഇല്ലിക്കൽ - തിരുവാർപ്പ് പ്രധാന റോഡ്
തിരുവാർപ്പ്- ചക്കനാട്- കാക്കരയം റോഡ്
തിരുവാർപ്പ്- ശാസ്താംപാലം -വെട്ടിക്കാട് റോഡ്
തിരുവാർപ്പ് അയ്യമാത്ര ചെങ്ങളം റോഡിലെ പാലം
''
കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ തിരുവാർപ്പ് നിവാസികൾ അനുഭവിച്ച ദുരിതത്തിന്റെ പ്രധാനകാരണം ഇല്ലിക്കൽ - തിരുവാർപ്പ് പ്രധാന റോഡിന്റെ പരിമിതികളായിരുന്നു. രാഷ്ട്രീയം മാറ്റിവച്ചാൽ വിനോദ സഞ്ചാര വികസന സാദ്ധ്യതയുള്ള പ്രദേശമാണ് തിരുവാർപ്പ്.''
രാജപ്പൻ, പ്രദേശവാസി