തലയോലപ്പറമ്പ് : വിലത്തകർച്ചയും പണമിടപാടിൽ ഉണ്ടാകുന്ന കാലതാമസവും മൂലം ആക്രി വ്യാപാര മേഖല വൻ തകർച്ചയിലേക്ക് നീങ്ങുകയാണ്. കുറഞ്ഞ നികുതിയിൽ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആക്രി സാധനങ്ങളുടെ അനിയന്ത്രിതമായ ഇറക്കുമതിയും നിർമ്മാണ മേഖലയിലെ സ്തംഭനവും കാരണം. ഉരുക്കും മറ്റ് ഉത്പ്പന്നങ്ങളും കമ്പനികളിൽ കെട്ടിക്കിടക്കുകയാണ്. ഇത് പഴയ സാധനങ്ങളുടെ വില ഗണ്യമായി കുറയാൻ കാരണമാകുന്നു. ഒരു സ്വയം തൊഴിൽ എന്ന നിലയിൽ അഞ്ച് ലക്ഷത്തോളം പേർ ഈ മേഖലയെ ആശ്രയിച്ച് കേരളത്തിൽ മാത്രം ജീവിക്കുന്നുണ്ട്. ലക്ഷക്കക്കണക്കിന് തൊഴിലാളികൾ ആക്രിയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിവരുന്നുണ്ട്. ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ കയറിപ്പോകുമ്പോൾ വ്യാപാരി 18000 രൂപ ജി എസ് ടി നൽകേണ്ടി വരുന്നു. ഇതു മൂലം പഴയ സാധനങ്ങൾ വില കുറച്ചു വാങ്ങാൻ ആക്രിക്കച്ചവടക്കാർ നിർബന്ധിതരാകുകയാണ്. വില കുറഞ്ഞതോടെ ആക്രി സാധനങ്ങൾ നൽകുന്ന വീട്ടുകാരും മറ്റും സാധനങ്ങൾ വിൽക്കാൻ വിമുഖത കാട്ടുന്നതിനാൽ ഗ്രാമപ്രദേശങ്ങളിലടക്കം ആക്രി സാധനങ്ങൾ എടുക്കുന്നവർ തൊഴിലെടുക്കാനാവാത്ത സ്ഥിതിയിലാണ്.
സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു ആനുകൂല്യവും ഇന്നേവരെ കിട്ടിയിട്ടില്ലാത്ത പഴയതെടുപ്പ് വ്യവസായത്തെ നിലനിർത്തുന്നതിന് ജി എസ് ടി പൂർണമായി ഒഴിവാക്കുകയും ഇറക്കുമതിക്ക് നികുതി വർദ്ധിപ്പിക്കുകയും ചെയ്താൽ ആഭ്യന്തര ആക്രി വ്യാപാരത്തെ തകർച്ചയിൽ നിന്നും രക്ഷിക്കാനാകുമെന്ന് കേരള സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡന്റ് ഷാനവാസ് വൈക്കം പറഞ്ഞു. അഞ്ചു ലക്ഷത്തോളം കുടുംബങ്ങൾ കഴിയുന്ന പഴയ തെടുപ്പ് വ്യവസായത്തെ സംരക്ഷിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള സ്ക്രാപ്പ് ഡീലേഴ്സ് അസോസിയേഷൻയോഗംആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ഹാഷിം കൊല്ലം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിനോജ് പനക്കൽ, ട്രഷറർ നൗഷാദ്, നാസർ ആയുർ, ഷാനവാസ്, മനോഹരൻ, നാസർ, ഷാനവാസ്, േസോമൻ തുടങ്ങിയവർ പ്രസംഗിച്ചു.
തകർച്ചയ്ക്ക് കാരണങ്ങൾ
ആക്രി സാധനങ്ങളുടെ അനിയന്ത്രീതമായ ഇറക്കുമതി
നിർമ്മാണ മേഖലയിലെ സ്തംഭനം
ഒരു ലക്ഷം രൂപയുടെ സാധനത്തിന് 18000 രൂപ ജി. എസ്. ടി. നൽകേണ്ടി വരുന്നു