അടിമാലി: താലൂക്കാശുപത്രിയിൽ വാർഡുകളിൽ കൂട്ടിരിപ്പുകാരെ എലികടിച്ചതിനെത്തുടർന്ന് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽഎലിപ്പെട്ടികളുമായി താലൂക്കാശുപത്രിയിലേക്ക് മാർച്ച് നടത്തി.അടിമാലി താലൂക്കാശുപത്രിയുടെ പഴയ ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന പുരുഷ വാർഡിലാണ് എലി ശല്യം രൂക്ഷമായിട്ടുള്ളത്.രാത്രിയാകുന്നതോടെ കിടന്നുറങ്ങാൻ കഴിയാത്ത വിധം എലികൾ തലങ്ങും വിലങ്ങും പായുന്നതായി രോഗികൾ പറയുന്നു.വാങ്ങി വയ്ക്കുന്ന പല ഭക്ഷണ പദാർത്ഥങ്ങളും എലി കരളുന്നതും നിത്യ സംഭവമാണ്.കഴിഞ്ഞ ദിവസം രാത്രിയിൽ കൂട്ടിരിപ്പുകാരായ നാല് പേർക്ക് എലിയുടെ കടിയേറ്റിരുന്നു.
താലൂക്കാശുപത്രിയുടെ വികസനത്തിന് നേരെ സർക്കാർമുഖം തിരിക്കുന്നുവെന്നും ആശുപത്രിയുടെ ശോചനീയാവസ്ഥയിൽപ്രതിഷേധിച്ച് തുടർ സമരങ്ങൾ സംഘടിപ്പിക്കുമെന്നും സമരം ഉദ്ഘാടനം ചെയ്ത യൂത്ത് കോൺഗ്രസ് പാർലമെന്റ് ജനറൽസെക്രട്ടറി എം എ അൻസാരി പറഞ്ഞു. മണ്ഡലം പ്രസിഡന്റ് അഭിലാഷ് ബൈന്നി അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മത്തായി തോമസ്, ജസ്റ്റിൻ കുളങ്ങറ, അനിൽ , കെ.കൃഷ്ണമൂർത്തി , ലിനോഷ് ദാസ് , വി എം. റഷിദ് എന്നിവർ പ്രസംഗിച്ചു.