വൈക്കം: ടൗൺ റോട്ടറി ക്ലബ് 2019-20 വർഷത്ത് നടപ്പാക്കുന്ന പദ്ധതികളുടെ പ്രഖ്യാപനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 29 ന് വൈകിട്ട് ഉദയനാപുരം ചിറമ്മേൽ ആഡിറ്റോറിയത്തിൽ നടക്കും. ടി. വി. പുരം ഗ്രാമപഞ്ചായത്തിനെ മാലിന്യമുക്തമാക്കുവാനുള്ള പദ്ധതി, മൂന്ന് നിർധന കുടുംബങ്ങൾക്ക് സ്‌നേഹവീട്, മികച്ച വിജയം നേടിയ 12 വിദ്യാർത്ഥികൾക്ക് 5000 രൂപ വീതമുള്ള ധനസഹായം, നിർധന വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളുകൾക്ക് ധനസഹായം, സ്‌കൂളുകളിൽ ശൗചാലയം, ബോധവൽക്കരണ പരിപാടി എന്നിവയാണ് പദ്ധതികൾ.
ജില്ലയിലെ പിന്നോക്കം നിൽക്കുന്ന പഞ്ചായത്തെന്ന പരിഗണനയിൽ ടി. വി. പുരം ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡ് റോട്ടറി ക്ലബ് ദത്ത് എടുക്കും. 29 ന് നടക്കുന്ന സമ്മേളനത്തിൽ പുതിയ പ്രസിഡന്റായി എൻ. കെ. സെബാസ്റ്റ്യാനും, സെക്രട്ടറിയായി ജോൺ ജോസഫും, അസ്സി. ഗവർണറായി ജോസഫ് ലൂക്കോസ് മറ്റപ്പള്ളിയും ചുമതലയേൽക്കും. എം. ജി. യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സാബു തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. പി. ജി. പ്രസാദ് അദ്ധ്യക്ഷത വഹിക്കും. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ആദരിക്കലും സമ്മേളനത്തിൽ നടക്കും.