തലയോലപ്പറമ്പ്: വാഹനത്തിന്റെ മെയിന്റനൻസും ഡ്രൈവർക്കും സഹായിക്കുമുള്ള ശമ്പളവും കൊടുക്കാൻ രക്ഷയില്ലാതെ വന്നതോടെ പെരുവ ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ സ്‌കൂൾ വാൻ നാലുവർഷമായി കട്ടപ്പുറത്ത്. സ്‌കൂൾ വാൻ വെയിലും മഴയുമെറ്റ് നശിക്കുന്നതോടെപ്പം കുട്ടികളുടെ യാത്രയും മുടങ്ങി. ആറുവർഷം മുൻപാണ് ജില്ലാ പഞ്ചായത്ത് സ്‌കൂളിന് പുതിയ വാൻ അനുവദിച്ച് നൽകിയത്. ആദ്യ രണ്ട് വർഷത്തോളം അദ്ധ്യാപകരുടെ ശമ്പളത്തിൽ നിന്നും ഒരു വീതം എടുത്തും പി.ടി.എ ഫണ്ടും ചെലവഴിച്ചാണ് വാഹനം ഓടിച്ചിരുന്നത് പിന്നീട് അദ്ധ്യാപകരും മറ്റും കൈയൊഴിഞ്ഞതോടെ സ്‌കൂൾ മുറ്റത്ത് കിടന്ന് വാഹനം നശിക്കുകയാണ്. വാഹനം ഓടിക്കാനുള്ള സാമ്പത്തികം സ്‌കൂൾ അധികൃതർക്കും പി.ടി.എ ക്കും ഇല്ലാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. അതെ സമയം എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പണം കണ്ടെത്തി സ്ഥിരമായി നിക്ഷേപിച്ച് അതിൽനിന്ന് ലഭിക്കുന്ന പലിശ കൊണ്ടാണ് പല സ്‌കൂളുകളും വാഹനത്തിന് ആവശ്യമായ പണം കണ്ടെത്തുന്നതെന്ന് പി.ടി.എ കമ്മിറ്റി പറയുന്നത്. 100% വിജയം പലതവണ കരസ്ഥമാക്കിയ സ്‌കൂളിന് വാഹനം റോഡിലിറക്കാൻ എം.എൽ.എ അടക്കമുള്ളവർ അടിയന്തിരമായി ഇടപെടണമെന്നാണ് രക്ഷകർത്താക്കൾ പറയുന്നത്.
ജില്ലാ പഞ്ചായത്ത്, എംഎൽഎ എന്നിവർ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണം. കമന്റ് സുജാത സുമോൻ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുളക്കുളം)