കോട്ടയം: ആന്തൂരിൽ വ്യവസായി ആത്മഹത്യ ചെയ്‌ത സാഹചര്യത്തിൽ നഗരസഭ ജീവനക്കാരെ ബലിയാടാക്കി ശിക്ഷവിധിക്കുന്നത് പ്രതിഷേധാർഹമാണെന്ന് കേരള മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമാണ് ജീവനക്കാർക്ക് പ്രവർത്തിക്കാൻ അധികാരം എന്ന വസ്‌തുത ആരോപണം ഉന്നയിക്കുന്നവർ തിരിച്ചറിയണം. നഗരസഭ ചെയർപേഴ്‌സന്റെയും കൗൺസിലിന്റെയും കീഴിൽ പ്രവർത്തിക്കുന്ന ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദം വളരെ വലുതാണ്. ജോലിഭാരം മൂലം വീർപ്പുമുട്ടുന്ന ജീവനക്കാർക്കെതിരെയുള്ള ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്സൺ, ജനറൽ സെക്രട്ടറി എം.വസന്തൻ എന്നിവർ ആവശ്യപ്പെട്ടു.