പാലാ: കഥകളും കടംകഥകളും കവിതകളും, ചരിത്രങ്ങളും ശാസ്ത്രങ്ങളുമൊക്കെയായി ആയിരക്കണക്കിനു പുസ്തകങ്ങൾ ..... ഏതെടുക്കണം, ഏതു വായിക്കണം എന്ന അങ്കലാപ്പോടെ ഓടി നടന്ന് കുരുന്നുകൾ ..... ഒടുവിൽ കയ്യിൽ കിട്ടിയ പുസ്തകം അക്ഷരത്തെറ്റുകൂടാതെ വായിച്ച മിടുക്കർക്ക് പുരസ്‌ക്കാരങ്ങളും.....

'അക്ഷര മുത്തശ്ശിയെ അടുത്തറിയാൻ ' എന്ന പരിപാടിയുമായി ഏഴാച്ചേരി ചിറ്റേട്ട് എൻ.എസ്. എസ്. ഗവ. എൽ.പി.സ്‌കൂളിലെ കുട്ടികളാണ് എഴുപത് വർഷത്തോളം പഴക്കമുള്ള ഏഴാച്ചേരി നാഷണൽ ലൈബ്രറി സന്ദർശിച്ചത്. സ്‌കൂളിലെ വായനാ ദിനാചരണ ഭാഗമായാണ് 'അക്ഷര മുത്തശ്ശിയെ അടുത്തറിയാൻ ' പരിപാടി സംഘടിപ്പിച്ചത്.

നാഷണൽ ലൈബ്രറി ഭാരവാഹികളായ സനൽകുമാർ ചീങ്കല്ലേൽ, രാമചന്ദ്രൻ തേരുന്താനം, ജലജാ വേണുഗോപാൽ എന്നിവർ ചേർന്ന് കുട്ടികളെയും അദ്ധ്യാപകരേയും സ്വീകരിച്ചു. നന്നായി വായിച്ച മുഴുവൻ പേർക്കും വായനശാലാ വക പുരസ്‌ക്കാരം പ്രസിഡന്റ് സനൽകുമാർ ചീങ്കല്ലേൽ വിതരണം ചെയ്തു. സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് ആനിയമ്മ ജോസ്, അധ്യാപികരായ ജിജിൻ മെറിൻ ജോസ്, ലിന്റാ ജോസ്, ജിഷ നായർ തുടങ്ങിയവർ നേതൃത്വം നൽകി.