പൊൻകുന്നം : സ്റ്റോപ്പിൽ ബസ് നിർത്താഞ്ഞതിന് യാത്രക്കാരൻ വനിതാ കണ്ടക്ടറുടെ ഫോട്ടോ സഹിതം പരാതി നൽകി.അനുമതിയില്ലാതെ തന്റെ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചതിന് വനിതാകണ്ടക്ടർ യാത്രക്കാരനെതിരെ പൊലീസിൽ പരാതിപ്പെട്ടു. കെ.എസ്.ആർ.ടി.സി. പൊൻകുന്നംഡിപ്പോയിലെ വനിതാ കണ്ടക്ടർ വയനാട് സ്വദേശി രജനിയാണ് പൊൻകുന്നം പൊലീസിൽ പരാതി നൽകിയത്. ഫെഡറൽ ബാങ്ക് മുണ്ടക്കയം ബ്രാഞ്ച് മാനേജർ ഇളങ്ങുളം സ്വദേശി സന്തോഷ് പി.കുര്യനാണ് ബസ് നിർത്താഞ്ഞതിനെ ചോദ്യം ചെയ്ത് പൊൻകുന്നം എ.ടി.ഒ.യ്ക്ക് പരാതി നൽകിയത്.
കഴിഞ്ഞ 17നാണ് സംഭവം. സന്തോഷ് പി.കുര്യൻ മുണ്ടക്കയത്തേക്ക് പോകാൻ രാവിലെ 8.45ന് ഇളങ്ങുളം പള്ളിപ്പടി സ്റ്റോപ്പിൽ എത്തി.8.50ന് സ്വകാര്യ ബസിനെ പിന്തുടർന്ന് എത്തിയ ആർ.ആർ.എം. 935 നമ്പറിലുള്ള ലിമിറ്റഡ് സ്റ്റോപ്പ് ബസിന് മറ്റ് യാത്രക്കാർക്കൊപ്പം കൈകാണിച്ചങ്കിലും സ്റ്റോപ്പിൽ നിർത്താതെ മാറ്റി നിറുത്തുകയും യാത്രക്കാരെ കയറ്റാതെ പോകുകയും ചെയ്തു.സന്തോഷ് പി.കുര്യൻ മറ്റൊരു വാഹനത്തിൽ ബസിനെ പിന്തുടർന്ന് പൊൻകുന്നം ബസ് സ്റ്റാൻഡിലെത്തി പരാതി പറഞ്ഞപ്പോൾ കണ്ടക്ടർ കൈമലർത്തുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. , ബസ് നമ്പർ, വിസിറ്റിംഗ് കാർഡ്, വനിതാ കണ്ടക്ടറുടെ ചിത്രം എന്നിവ സഹിതമാണ് പരാതി നൽകിയത്. തന്റെ ഫോട്ടോ ഉൾപ്പെടുത്തിയതിനെതിരെയാണ് വനിത കണ്ടക്ടർ പൊലീസിനെ സമീപിച്ചത്.