ചങ്ങനാശ്ശേരി : കാലവർഷമെത്തിയാലെങ്കിലും കഷ്ടകാലം ഒഴിയുമെന്ന് അവർ കരുതി. വലിയ ആരവത്തോടെ കാലവർഷം എത്തുകയും ചെയ്തു. എന്നാൽ ചാലച്ചിറതോടിന്റെയും പ്രദേശവാസികളുടെയും കെട്ടകാലം മാത്രം തെളിഞ്ഞില്ല. കാലവർഷം കനക്കുമെന്നും അതിന്റെ ശക്തിയിൽ മാലിന്യം മുഴുവൻ ഒഴുകിപ്പോയി തോട് ക്ളീനാകുമെന്നുമെല്ലാം നാട്ടുകാർ ആശിച്ചു. എന്നാൽ കാലവർഷം ശക്തിപ്രാപിക്കാത്തതിനാൽ തോട്ടിൽ ശക്തമായ ഒഴുക്ക് അനുഭവപ്പെട്ടതുമില്ല, മാലിന്യം ഒഴുകിപ്പോയതുമില്ല. ചാലച്ചിറ തോട്ടിൽ ഇരുകരകളിലേയും നിവാസികൾ മാലിന്യത്തിൽ ദുർഗന്ധം അനുഭവിക്കാൻതുടങ്ങിയിട്ട് കാലങ്ങളായി. രൂക്ഷമായ ഗന്ധം ഒരു കിലോമീറ്റർ അകലയുള്ള വീടുകളിൽ വരെ എത്തുന്നതായി നാട്ടുകാർ പറയുന്നു. അസഹനീയമായ ഗന്ധം കാരണം വീട്ടിലിരുന്ന് ആഹാരം കഴിക്കാനും കിടന്നുറങ്ങാനും കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇത്തിത്താനത്തിന്റെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം തോട്ടിൽ ഒഴുകി എത്തിയിരുന്നു. ഇതുകൂടാതെ തോട്ടിലേക്ക് വലിച്ചെറിയുന്നവയും ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ കൊണ്ടുതള്ളുന്ന അറവുമാലിന്യവുമെല്ലാം ചേർന്ന് ജനജീവിതം തന്നെ ദുസ്സഹമായിരിക്കുകയാണ്. ഒഴുക്ക് തടസ്സപ്പെടുത്തി മാലിന്യം കെട്ടിക്കിടക്കുന്നത് കൊതുകും ഈച്ചയുമെല്ലാം പെറ്റുപെരുകുന്നതിന് കാരണമാകുന്നു. ഇത് പകർച്ചവ്യാധികൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. തോടിന്റെ കരകളിലെ മരങ്ങളുടെ ചില്ലകൾ തോട്ടിലേക്ക് ഒടിഞ്ഞുവീഴുന്നതും മാലിന്യം ഒഴുകിപോകാതെ കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ട്. രോഗഭീതി കണക്കിലെടുത്ത് ആരോഗ്യവകുപ്പ് അധികൃതർ അടുത്ത പ്രദേശം സന്ദർശിച്ചിരുന്നു. എന്നാൽ തോട്ടിലെ ഒഴുക്ക് സുഗമമാക്കുകയല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്നാണ് അവർ വ്യക്തമാക്കിയത്. മീൻപിടിക്കാനായി കെട്ടിയ ഉടക്കുവലകൾ പിന്നീട് അഴിച്ചുമാറ്റാത്തത് മാലിന്യം കെട്ടിക്കിടക്കാൻ കാരണമാകുന്നുണ്ടെന്നും അവർ പറഞ്ഞു.
കുടിവെള്ളത്തിന് കരിവെള്ളം
ചാലച്ചിറ തോട്ടിലെ വെള്ളം ഉപയോഗിച്ച് നാലോളം കുടിവെള്ള പദ്ധതികളാണ് പ്രവർത്തിക്കുന്നത്. കല്ലുകടവിലുള്ള ഇത്തിത്താനം ശുദ്ധജലവിതരണപദ്ധതിയിലൂടെയും കരിക്കണ്ടം കുടിവെള്ള പദ്ധതിയിലൂടെയും മറ്റ് രണ്ട് ജലനിധികളിലൂടെയുമായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളം എത്തുന്നത് ചാലച്ചിറ തോട്ടിൽ നിന്നാണ്. കൂടാതെ ചാലച്ചിറ തോട്ടിലെ ജലനിരപ്പ് അനുസരിച്ചാണ് സമീപത്തെ കിണറുകളിൽ വെള്ളം ഉയരുന്നത്. എന്നാൽ ഈ തോട്ടിലെ വെള്ളം ഇപ്പോൾ കറുത്തിരുണ്ട് ദുർഗന്ധം വമിക്കുന്നതാണ്. ചാലച്ചിറ തോടിന്റെ ഒരുഭാഗം കളമ്പാട്ടുചിറയിൽ നിന്ന് പിരിഞ്ഞ് പനച്ചിക്കാട് പഞ്ചായത്തിലൂടെ പടിയറക്കടവിലെത്തി കൊടൂരാറിൽ പതിക്കുന്നു. മറ്റൊരു ഭാഗം കുറിച്ചി പഞ്ചായത്തിലൂടെ പടിഞ്ഞാറോട്ടൊഴുകി ചാലച്ചിറ ഇളങ്കാവ്, വാഴപ്പള്ളി പഞ്ചായത്തിലെ പാലാത്രച്ചിറവഴി കൊടൂരാറിൽ പതിക്കുന്നു.
മീനച്ചിലാർ-മീനന്തലയാർ-കൊടൂരാർ നദീസംയോജനത്തിന്റെ ഭാഗമായി പടിയറക്കടവ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കിയെങ്കിലും ആ തോടിന്റെ ഭാഗമായ ചാലച്ചിറ തോടിനോട് അധികൃതർ മുഖംതിരിഞ്ഞുനിൽക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങൾക്ക് പ്രയോജനപ്പെടേണ്ട ചാലച്ചിറ തോട് അധികൃതരുടെ അനാസ്ഥകാരണം അഴുക്കുചാലായി മാറി. ചാലച്ചിറ തോട് ആഴംകൂട്ടി ശൂചീകരിക്കാനും ഒഴുക്ക് സുഗമമാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജനപ്രതിനിധികളും അധികാരികളും തയാറാകണമെന്ന് സി.പി.എം പുളിമൂട് ബ്രാഞ്ച് കമ്മറ്റി ആവശ്യപ്പെട്ടു.