പാലാ : അലംഭാവം അല്ലാതെ എന്തു പറയാൻ. നഗരസഭയ്ക്കെതിരെ പരാതി ആദ്യമായിട്ടല്ല. നഗരസഭാ ഓഫീസ് കയറി ചെരുപ്പ് തേഞ്ഞവർ എത്രയെത്ര. ജീവനക്കാരുടെ കെടുകാര്യസ്ഥതയിലേക്ക് വിരൽചൂണ്ടുന്നവയിൽ ഒന്നുമാത്രമാണ് കഴിഞ്ഞദിവസത്തെ ഈ സംഭവം. ജീവനക്കാരുടെ അലംഭാവം കാരണം നഗരസഭ മടക്കിനൽകാനുള്ള സെക്യൂരിറ്റി തുകയ്ക്കായി ഒരാൾ ഓഫീസ് കയറിയിറങ്ങിയത് 45 ദിവസം. ഒടുവിൽ ചെയർപേഴ്സൺ ഇടപെട്ട് പണം തിരികെ നൽകി ഒരു വിധം തലയൂരുകയായിരുന്നു.
വിവാദമായ സംഭവം ഇങ്ങനെ... ആൾ കേരള ബിൽഡിംഗ്സ് ഓണേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മേയ് 12ന് കെ.എം മാണി അനുസ്മരണത്തിനായി നഗരസഭാ ടൗൺ ഹാൾ ബുക്ക് ചെയ്തിരുന്നു. വാടകയ്ക്ക് പുറമേ 5000 രൂപ സെക്യൂരിറ്റിത്തുകയായി നഗരസഭയിൽ അടയ്ക്കുകയും ചെയ്തു. പരിപാടിയുടെ അടുത്തദിവസം സെക്യൂരിറ്റി തുക മടക്കിനൽകണമെന്നാണ് ചട്ടം. ആൾ കേരള ബിൽഡിംഗ്സ് ഓണേഴ്സ് അസോസിയേഷൻ ഓഫീസിലെ ജീവനക്കാരൻ മെയ് 13ന് സെക്യൂരിറ്റി തുക തിരികെ വാങ്ങാൻ നഗരസഭാ ഓഫീസിൽ എത്തിയെങ്കിലും പല കാരണങ്ങൾ പറഞ്ഞ് ഉദ്യോഗസ്ഥർ മടക്കിയയച്ചു. ഉദ്യോഗസ്ഥർ ഈ നിലപാട് പല തവണ ആവർത്തിച്ചു. ഒടുവിൽ ജൂൺ 27ന് നഗരസഭാ ഓഫീസിൽ ആൾ കേരള ബിൽഡിംഗ്സ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധി എത്തിയപ്പോൾ പരിഹാസമായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സംഭവം വിവാദമായതോടെ അസോസിയേഷൻ ഭാരവാഹികൾ ജീവനക്കാർക്കെതിരെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകാൻ തീരുമാനിച്ചു. ഇതിനിടെ സംഭവമറിഞ്ഞ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് ഇന്നലെ പണം നൽകാൻ ഉദ്യോഗസ്ഥർ തയാറായത്. അതേസമയം, കെ.എം മാണി അനുസ്മരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം കേരള കോൺഗ്രസ് എം നേതൃത്വം കൊടുക്കുന്ന നഗരസഭാ ഭരണസമിതിയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്. പണം നൽകി പ്രശ്നം താൽക്കാലികമായി പരിഹരിച്ചെങ്കിലും നഗരസഭാ ജീവനക്കാരുടെ നിഷേധാത്മക നിലപാടുകൾക്കെതിരെ പൊതുജനങ്ങളിൽ നിന്ന് കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
വിവാദങ്ങൾ
അവസാനിക്കുന്നില്ല
പാലാ നഗരസഭ വിവാദങ്ങളിൽപ്പെടുന്നത് സമീപകാലത്ത് പതിവായിരിക്കുകയാണ്. സ്ഥലംമാറിപ്പോയ നഗരസഭ സെക്രട്ടറിക്ക് നൽകിയ ഉപഹാരം മടക്കിവാങ്ങിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പാണ് പുതിയ സംഭവം. നഗരസഭാ നേതൃത്വവും ജീവനക്കാരും തമ്മിൽ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. ഇത് പല വിഷയങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. ഒപ്പം ഭരണപക്ഷ കൗൺസിലർമാരാകട്ടെ രണ്ട് തട്ടിലുമാണ്. ഈ ചേരിപ്പോര് നഗരസഭയുമായി ബന്ധപ്പെട്ട നിർണ്ണായക വിഷയങ്ങളിൽ തീരുമാനം വൈകാനും കാരണമാകുന്നുണ്ട്.