c-s-raju

വെച്ചൂർ : ഒാരോരോ കാരണങ്ങളാൽ ആഹ്ളാദിക്കാൻ യോഗമില്ലാത്തവരാണ് നെൽ കർഷകർ. ഒരു കൃഷി ലാഭത്തിലായാൽ മറ്റൊന്ന് അതി ഭീമമായ നഷ്ടത്തിലാവും കലാശിക്കുക. ഉപജീവനമാർഗമായ കൃഷിയുടെ ഈ അനിശ്ചിതത്വം കർഷകർക്കുണ്ടാക്കുന്ന മാനസിക സമ്മർദ്ദം ചെറുതല്ല. ഇക്കുറി ദുർബലമായ കാലവർഷമാണ് പ്രശ്നക്കാരൻ. അപ്പർകുട്ടനാട്ടിൽ മഴയില്ല, നെൽകർഷകരുടെ കണ്ണീർ മാത്രമാണ് പെയ്യുന്നത്.

തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതിനെ തുടർന്ന് അപ്പർകുട്ടനാട്ടിൽ ഇപ്പോൾ വിരിപ്പുകൃഷി പ്രതിസന്ധിയിൽ. വെച്ചൂർ പഞ്ചായത്തിൽ വർഷ കൃഷിക്കായി വിതച്ച ഉടൻ മഴ പെയ്തിരുന്നു. പൊടിയിൽ വിത്തിട്ട് മഴയിൽ പൊട്ടിമുളയ്ക്കുകയാണ് വർഷ കൃഷിയുടെ രീതി. പക്ഷേ പാടശേഖരങ്ങളിൽ വെള്ളം കെട്ടിനിന്നാൽ പുളി കലർന്ന് വിത്തും ഞാറും നശിക്കും. അതിനാൽ വെള്ളം യഥാസമയങ്ങളിൽ വറ്റിച്ചുകൊണ്ടിരിക്കണം. വൈദ്യുതി നിരന്തരം മുടങ്ങിയതിനാൽ കർഷകർക്ക് അതിന് കഴിയാതെ പോയി. തുടർന്ന് പലയിടത്തും വിത്തും മുളച്ചുതുടങ്ങിയ ഞാറും നശിച്ചിരുന്നു. അതിനെ അതിജീവിച്ച നെൽച്ചെടികളാണ് ഇപ്പോൾ വെള്ളമില്ലാതെ പ്രതിസന്ധി നേരിടുന്നത്. പാടത്ത് പുളി കലർന്നിട്ടുള്ളതിനാൽ ബാക്കിയായ നെൽച്ചെടികൾ സംരക്ഷിക്കാൻ അമിത രാസവളം പ്രയോഗിക്കേണ്ടിയും വരുന്നു. ഇതിനായി ഏക്കറിന് പതിനായിരം രൂപയിലധികം കർഷകർക്ക് ചെലവായിക്കഴിഞ്ഞു. പ്രധാന ആറുകളും തോടുകളുമൊക്കെ പുളികലർന്ന അവസ്ഥയിലായതിനാൽ അവിടെ നിന്ന് പാടശേഖരങ്ങളിലേക്ക് വെള്ളം കയറ്റാനാവില്ല. തലയാഴം അടക്കമുള്ള അപ്പർകുട്ടനാടൻ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിൽ വിത പണി തുടങ്ങിയിട്ടുണ്ട്. പക്ഷേ മഴയില്ലാത്തത് കർഷകരെ ആശങ്കയിലാഴ്ത്തുന്നു. സർക്കാരിൽ നിന്ന് ഏക്കറിന് മുപ്പത് കിലോ വിത്ത് മാത്രമാണ് ഇത്തവണ കർഷകർക്ക് നൽകിയത്. ബാക്കി ആവശ്യമായവ കർഷകർ വിലകൊടുത്ത് വാങ്ങുകയായിരുന്നു.

 അനവസരത്തിലെ മഴയിൽ വിത്തും ഞാറും നശിച്ചു

 പുളി കലർന്നതിനാൽ രാസവളപ്രയോഗം വേണ്ടിവന്നു

 അധിക ചെലവ് ഏക്കറിന് പതിനായിരത്തിനുമേൽ

 അതിജീവിച്ച ചെടികൾക്ക് വേണ്ട സമയത്ത് മഴ കിട്ടിയില്ല

സർക്കാർ നൽകിയത്

30 കിലോ വിത്ത് മാത്രം

അപ്പർകുട്ടനാട്ടിൽ കർഷകർ നേരിടുന്ന ദുരിതം കൃഷി - റവന്യൂ അധികൃതർ നേരിൽ കണ്ട് മനസ്സിലാക്കണം. കാലവർഷം ദുർബലമായത് മൂലം നെൽകൃഷി മേഖല നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ നേടണം.

സി.എസ്.രാജു

(കർഷക സംഘടന സംസ്ഥാന കമ്മിറ്റിയംഗം)