തലയോലപ്പറമ്പ് : ഒന്നാം ക്ലാസ് മുതൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലെസംഗ്രാന്റ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ബാങ്ക് അക്കൗണ്ട് ആവശ്യമാണ്. എന്നാൽ മിക്ക ബാങ്കുകളും വിദ്യാർത്ഥികൾക്ക് സീറോബാലൻസ് അക്കൗണ്ടുകൾ നൽകാൻ മടിക്കുന്നതിനാൽ നിർദ്ധന വിദ്യാർത്ഥികളും രക്ഷിതാക്കളും വലയുന്നതായി ആക്ഷേപം. കുട്ടികളുടെ പേരിൽ അക്കൗണ്ട് ആരംഭിക്കുവാൻ 500 മുതൽ 1500 രൂപ വരെ ഈടാക്കുന്നതായും രക്ഷിതാക്കൾ പറയുന്നു. എല്ലാ ദേശസാൽകൃത ബാങ്കുകളിലും സീറോ ബാലൻസ് അക്കൗണ്ടുകൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, വിദ്യാഭ്യാസ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് രക്ഷിതാക്കൾ നിവേദനം നൽകിയിട്ടുണ്ട്.