ഏറ്റുമാനൂർ : മീനച്ചിലാറിലെ അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടിയുമായി ഫിഷറീസ് വകുപ്പ്. ആറിന്റെ കൈവരികളിലും തോടുകളിലുമായി സ്ഥാപിച്ചിരുന്ന അനധികൃത തടയണകളും, പെരുംകൂടുകളും സംഘം പിടിച്ചെടുത്തു. മീനച്ചിലാറിന്റെ കൈവരികളിൽ വ്യാപകമായി അനധികൃത മത്സ്യബന്ധനം നടക്കുന്നതായി കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. മീൻകുഞ്ഞുങ്ങളെയടക്കം പിടിച്ചെടുക്കുന്ന തരത്തിലുള്ള അടങ്കൊല്ലി വലകളും കൂറ്റൻ തടയണകളും, പെരുംകൂടുകളും ഉപയോഗിച്ച് മത്സ്യമാഫിയ മീനച്ചിലാറിനെ പൊതിഞ്ഞിരിക്കുകയായിരുന്നു. മത്സ്യസമ്പത്തിന് തന്നെ ഇത് ഭീഷണിയായിരുന്നു.
കട്ടച്ചിറത്തോട് സംരക്ഷണ സമതിയുടെയും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ബുധനാഴ്ച രാവിലെ 10 ന് ആരംഭിച്ച പരിശോധന വൈകിട്ട് 6.30 വരെ നീണ്ടു. അനധികൃതമായി സ്ഥാപിച്ച മുട്ടുകളും, തടയണകളും വിരികളും, തൂണുകളും സംഘം അറത്തു മാറ്റി. കാണക്കാരി കിടങ്ങൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മരങ്ങാട്, മേക്കാട്, കട്ടച്ചിറ , കാവനാൽ, തൊട്ടിമുണ്ട് കടവ് എന്നിവിടങ്ങളിൽ നിന്നാണ് വലകളും, കൂടുകളും മറ്റും പിടിച്ചെടുത്തത്. കട്ടച്ചിറപാലത്തിനു സമീപം ഉദ്യോഗസ്ഥരെ തടയാൻ ശ്രമം നടത്തിയെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിച്ചു. ഫിഷറീസ് വകുപ്പ് ഇൻസ്പെക്ടർ ബി.നൗഷാദ്, കിടങ്ങൂർ വില്ലേജ് ഓഫീസർ ഐ.ശ്യാം പ്രസാദ്, കൃഷി അസിസ്റ്റന്റ് കൃഷി ഓഫീസർ കെ.ആർ ഉണ്ണികൃഷണൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
പരിശോധന ഇവിടെ
മരങ്ങാട്
മേക്കാട്
കട്ടച്ചിറ
കാവനാൽ
തൊട്ടിമുണ്ട് കടവ്